എട്ട് വയസ്സുകാരിയുടെ മരണം:പൊട്ടിത്തെറിയുടെ ആഘാതത്തില്‍ മുഖത്തും തലയ്ക്കും പരിക്കേറ്റു. പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്
തൃശൂര്‍ : തിരുവില്വാമലയിലെ എട്ട് വയസ്സുകാരിയുടെ മരണത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം പുറത്ത്. ഫോണ്പൊട്ടിത്തെറിച്ചുണ്ടായ പരിക്കാണ് മരണത്തിന് കാരണം . പൊട്ടിത്തെറിയുടെ ആഘാതത്തില്‍ മുഖത്തും തലയ്ക്കും പരിക്കേറ്റു.
എട്ട് വയസുകാരിയുടെ മരണത്തിനിടയാക്കിയത് റെഡ്മി 5 പ്രോ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതാണെന്ന് കണ്ടെത്തല്‍. അപകടം നടക്കുമ്പോള്‍ ഫോണ്‍ ചാര്‍ജിനിട്ടിരുന്നില്ലെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഫോണ്‍ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാല്‍ അപകടത്തിന്റെ ആഘാതം കൂടി. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. ഫോറന്‍സിക് സംഘം പ്രാഥമിക നിഗമനം പൊലീസിനെ അറിയിച്ചു. പൊട്ടിത്തെറിച്ച ഫോണില്‍ നിന്നും തെറിച്ചുവീണ അവശിഷ്ടങ്ങള്‍ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്. മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ആദിത്യശ്രീ. പൊലീസ് അന്വേഷണം തുടരുകയാണ്.