ചീത്തവിളിച്ചതിന് കൂട്ടുകാരനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന സംഭവം; പ്രതികളെ വെറുതേ വിട്ട് കോടതി
കൊല്ലം: ചീത്തവിളിച്ചെന്ന വിരോധത്തിൽ കൂട്ടുകാരനെ കൊലപ്പെടുത്തിയെന്നാരോപിച്ച് കൊട്ടിയം പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതികളെ മൂന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് ഉഷ നായർ വെറുതെ വിട്ടു.
നെടുമ്പന ഫൗസിയ മൻസിലിൽ നുജുവാണ് (26) കൊല്ലപ്പെട്ടത്. 2012 ഡിസംബർ 11ന് വൈകിട്ട് 5ഓടെ കുളപ്പാടം – നെടുമ്പന പഞ്ചായത്ത് റോഡിലായിരുന്നു സംഭവം. ഒന്നും രണ്ടും പ്രതികളായ നെടുമ്പന വില്ലേജിൽ കുളപ്പാടം ചരുവിള വീട്ടിൽ കീരി അൻസർ എന്നറിയപ്പെടുന്ന അൻസർ (35), സെയ്ദ് മൻസിലിൽ സെയ്ഫുദ്ദീൻ (33) എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.
സംഭവ ദിവസം അൻസറിനെ നുജു ചീത്തവിളിക്കുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് കൂട്ടുകാരനായ സെയ്ഫുദ്ദീനെയും കൂട്ടി നുജുവിന്റെ തലയിൽ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിക്കുകയും ദേഹമാസകലം മാരകായുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിച്ച് കൊലപ്പെടുത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്.പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 22 സാക്ഷികളെ വിസ്തരിച്ചു. 30 രേഖകൾ ഹാജരാക്കി. എന്നാൽ പ്രതികൾക്കെതിരെയുള്ള ആരോപണം തെളിയിക്കുന്നതിന് പ്രോസിക്യൂഷന് സാധിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു. പ്രതികൾക്കുവേണ്ടി അഭിഭാഷകരായ ഇ.ഷാനവാസ് ഖാൻ, വെള്ളിമൺ ഇന്ദ്രബാലൻ പിള്ള, ആയിഷ സാദിഖ് എന്നിവർ ഹാജരായി.