‘ജഗൻ മോഹൻ റെഡിയെ അധിക്ഷേപിച്ചു’; മുഖ്യമന്ത്രിയുടെ പോസ്റ്റർ കടിച്ചുകീറിയ നായക്കെതിരെ പൊലീസിൽ പരാതി
അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡിയുടെ പോസ്റ്റർ കടിച്ചുകീറിയ നായയ്ക്കെതിരെ പൊലീസിൽ പരാതി. തെലുഗുദേശം അനുഭാവിയായ ദാസരി ഉദയശ്രീയാണ് വിജയവാഡ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഭിത്തിയിൽ പതിപ്പിച്ചിരുന്ന പോസ്റ്റർ നായ കടിച്ചുകീറുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ദാസരി ഉദയശ്രീ പരാതി നൽകുകയായിരുന്നു. ഭരണകക്ഷിയായ വെെ എസ് ആർ കോൺഗ്രസ് പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന സർവേയുടെ ഭാഗമായി ‘ജഗൻ അണ്ണൻ നമ്മുടെ ഭാവി’ എന്ന് തെലുങ്കിൽ അച്ചടിച്ച് ഒട്ടിച്ച പോസ്റ്ററാണ് നായ കടിച്ചു കീറിയത്.
മുഖ്യമന്ത്രിയെ അധിക്ഷേപിക്കാനുള്ള ശ്രമമാണ് നടന്നതെന്നും നായയെ പോസ്റ്റർ കടിച്ചു കീറാൻ പ്രേരിപ്പിച്ചവർക്കും അതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചവക്കുമെതിരെ കേസെടുക്കണമെന്നാണ് പരാതി നൽകിയ ദാസരി ഉദയശ്രീയുടെ ആവശ്യം. 151 നിയമസഭാ സീറ്റുകൾ നേടിയ ജഗൻ മോഹൻ റെഡിയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും ഇത്തരമൊരും നേതാവിനെ അപമാനിച്ച പട്ടി സംസ്ഥാനത്തെ ആറ് കോടി ജനങ്ങളെ വേദനിപ്പിച്ചെന്നും ഉദയശ്രീ കൂട്ടിച്ചേർത്തു.