വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് കൃഷി; നെടുമങ്ങാട് സ്വദേശി ഷിബുമോൻ കൊല്ലത്ത് പിടിയിൽ
ചാത്തന്നൂർ : എക്സൈസ് സംഘം പാരിപ്പള്ളി, മീനമ്പലം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 1.405 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് ഇറവൂർ സിന്ധു മന്ദിരത്തിൽ അയിരൂർ കുട്ടൻ എന്ന് വിളിക്കുന്ന ഷിബുമോൻ (43) ആണ് പിടിയിലായത്. പാരിപ്പള്ളി കരിമ്പാലൂർ കോണത്ത് വീട് വാടകക്കെടുത്തായിരുന്നു കഞ്ചാവ് കച്ചവടം. കരിമ്പാലൂർ, പാരിപ്പള്ളി കേന്ദ്രീകരിച്ച് അസമയത്ത് യുവാക്കൾ തമ്പടിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിബുമോൻ പിടിയിലായത്. ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തു.എക്സൈസ് ഇൻസ്പെക്ടർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ആർ.ജി.വിനോദ്, എ.ഷിഹാബുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഒ.എസ്.വിഷ്ണു, ജെ.ജ്യോതി, അഖിൽ, പ്രശാന്ത്, വനിതാസിവിൽ എക്സൈസ് ഓഫീസർ റാണി സൗന്ദര്യ എന്നിവർ പങ്കെടുത്തു. വിശദമായ അന്വേഷണം തുടങ്ങിയതായി കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി.റോബർട്ട് അറിയിച്ചു.