64-ാമത്തെ വയസിൽ അന്തസായി പണിയെടുത്തുണ്ടാക്കുന്ന കാശാണ് കൈനീട്ടം കൊടുക്കുന്നത്’; സുരേഷ് ഗോപി
തൃശൂർ: അംബാനിയുടെയും അദാനിയുടെയും പണം വാങ്ങി ജനങ്ങൾക്ക് വിഷു കൈനീട്ടം കൊടുക്കേണ്ട ഗതികേട് തനിക്കില്ലെന്ന് സുരേഷ് ഗോപി. 64ാമത്തെ വയസിലും താൻ കഷ്ടപ്പെട്ട് സിനിമയിലഭിനയിച്ച് ഉണ്ടാക്കുന്ന കാശാണ് ജനങ്ങൾക്ക് നൽകുന്നതെന്നും, അനാവശ്യം പറഞ്ഞ് പരത്തുന്നവരുടെ അത്രയും ഗതികേട് തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാട്ടികയിലെ ജനങ്ങൾക്ക് വിഷുക്കൈനീട്ടം നൽകുന്ന ചടങ്ങിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.’വിമർശിക്കുന്നവരൊക്കെ പറയുന്നുണ്ട് അടുത്ത വർഷം ഇത് നടക്കില്ലാന്ന്. ശരിയാണ് അടുത്ത വർഷം ഈ സമയം ഇലക്ഷനാണ്. അപ്പോൾ അതിന്റെ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുകൊണ്ട് ഒരു പൈസ പോലും ആർക്കും കൈമാറാൻ കഴിയില്ല. പിന്നെ ഈ പണമെല്ലാം അദാനിയും അംബാനിയും കൊടുക്കുന്നതാണെന്ന് പലരും പറയുന്നുണ്ട്. തൽക്കാലം നിന്നെയൊക്കെ പോലെ വല്ലവന്റെയും എടുത്ത് തിന്നേണ്ട അത്രയും ഗതികേട് എനിക്ക് വന്നിട്ടില്ല. എന്റെ 64-ാമത്തെ വയസിലും നല്ല അന്തസായി പണിയെടുത്ത് നട്ടെല്ലോടെയാണ് കാശുണ്ടാക്കുന്നത്. ജയരാജന്റെ സിനിമയിൽ നാല് ഫൈറ്റാണ് ഇപ്പോഴും ചെയ്തത്. ഈ പ്രായത്തിലും ഇങ്ങനെ സമ്പാദിച്ചുണ്ടാക്കുന്ന കാശെടുത്താണ് ഞാൻ ചെലവാക്കുന്നത്. ഇത് ഇൻകംടാക്സിന്റെയും ട്രസ്റ്റിന്റെയും കണക്കിലുണ്ട്. ആർക്ക് വേണമെങ്കിലും പരിശോധിക്കാം. ദൈവത്തിൽ വിശ്വാസമൂന്നി ഞാൻ മുന്നോട്ട് പോകും. ഇതൊന്നും ഇല്ലാത്തവന്മർ ഇങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും.’- സുരേഷ് ഗോപി പറഞ്ഞു.