രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 11109പേർക്ക്
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11109 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.29 ശതമാനവുമാണ്. നിലവിൽ 49,622 സജീവ കേസുകളാണ് രാജ്യത്തുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 29 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 476 പേർക്ക് കൊവിഡ് വാക്സിൻ നൽകി.രാജ്യവ്യാപകമായ വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220,66,25,120 കോടി വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. ഡൽഹിയിലും മഹാരാഷ്ട്രയിലും കേരളത്തിലും ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാൻ, ഹരിയാന, ഒഡീഷ, ഛത്തിസ്ഗഡ്, കർണാടക, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്.അടുത്ത പത്ത് മുതൽ പന്ത്രണ്ട് ദിവസം വരെ കൊവിഡ് കേസുകൾ ഉയർന്നു നിൽക്കുമെങ്കിലും ഒരു തരംഗത്തിനുള്ള സാദ്ധ്യത ആരോഗ്യ വിദഗ്ദ്ധർ തള്ളി. രണ്ടാഴ്ച്ചയ്ക്കപ്പുറം കേസുകൾ കുറയുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ ആശുപത്രികളിൽ 90ശതമാനം ഐ സി യുവും കിടക്കകളും സജ്ജമാക്കിയതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കിൽ വ്യക്തമാക്കി.സംസ്ഥാനങ്ങളിൽ നടന്ന മോക്ഡ്രിലിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക് തയ്യാറാക്കിയത്.