‘കൈനീട്ടം നൽകിയതിന്റെ പേരിൽ ആരും എനിക്ക് വോട്ട് തരേണ്ട’; തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് തുറന്ന് പറഞ്ഞ് സുരേഷ് ഗോപി
തൃശൂർ: കൈനീട്ടം നൽകിയതിന്റെ പേരിൽ ആരും വോട്ട് തരേണ്ടതില്ലെന്ന് സുരേഷ് ഗോപി. മകളുടെ സ്മരണാർഥമുള്ള ലക്ഷ്മി–സുരേഷ് ഗോപി എംപീസ് ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിൽ തൃശൂരിലെ വാദ്യകലാകാരന്മാർക്കു വിഷുക്കോടിയും കൈനീട്ടവും നൽകാൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പരിപാടിയിൽ രാഷ്ട്രീയമില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യവും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.’ഈ പരിപാടിയിൽ രാഷ്ട്രീയമില്ല. കൈനീട്ടം നൽകിയതിന്റെ പേരിൽ ആരും വോട്ട് തരേണ്ട ആവശ്യവുമില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യവും തീരുമാനിച്ചിട്ടില്ല. അതിന് മുമ്പേ പലരും കാഹളം മുഴക്കുകയാണ്. അതെന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. മറ്റുള്ളവരുടെ ആസ്വാദനത്തിനു വേണ്ടി സ്വന്തം കേൾവിശക്തി പോലും നഷ്ടപ്പെടുത്തുന്നവരാണ് വാദ്യ, മേള കലാകാരന്മാർ. കേരളത്തിലെ വാദ്യ, മേള കലാകാരന്മാരുടെ കൺസോർഷ്യം ഉണ്ടാക്കിയാൽ ഒരു കോടി രൂപ സംഭാവന ചെയ്യും. അഭിനയിക്കുന്ന സിനിമകളുടെ പ്രതിഫലത്തിൽ നിന്നാകും ഈ പണം കണ്ടെത്തുന്നത്.’- സുരേഷ് ഗോപി പറഞ്ഞു.