മഞ്ജു വാര്യരുടെ കാറിന് പിന്നാലെ ഓടി യുവതി, കണ്ടപാടെ ബ്ലോക്കിനിടെ കാർ നിർത്തി സംസാരിച്ചു; ആവശ്യമറിഞ്ഞപ്പോൾ വിളിക്കാൻ നമ്പറും കൊടുത്തു
കാറിന് പിന്നാലെ ഓടിയ യുവതിക്കരികിൽ കാർ നിർത്തി സംസാരിച്ച് നടി മഞ്ജു വാര്യർ. ഏരൂരിൽ ഉദ്ഘാടനത്തിനായി നടി എത്തിയപ്പോഴായിരുന്നു സംഭവം. യുവതി ഓടിവരുന്നത് കണ്ട് മഞ്ജു കാർ നിർത്തി കാര്യം തിരക്കി. പക്ഷേ, റോഡ് ബ്ലോക്കായതിനാൽ കാർ അധികനേരം നിർത്തിയിടാനും കഴിയില്ലായിരുന്നു. ഉടൻ തന്നെ കാർ മുന്നോട്ടെടുത്തെങ്കിലും വീണ്ടും യുവതി പിറകേയെത്തി.പിന്നീട് കുറച്ച് മുന്നോട്ടെടുത്ത ശേഷം കാർ റോഡരികിൽ മാറ്റി നിർത്തി മഞ്ജു യുവതിയെ അടുത്തേക്ക് വിളിച്ചു. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകും എന്നതിനാൽ തന്റെ ഫോൺ നമ്പർ പെൺകുട്ടിക്ക് കൊടുക്കാൻ ഒപ്പമുള്ളവരോട് നിർദേശിച്ച ശേഷമാണ് താരം അവിടെ നിന്നും തിരിച്ചത്. തന്റെ അമ്മ മഞ്ജുവിന്റെ ആരാധികയാണെന്നും അമ്മയുടെ പിറന്നാളിന് ഒരു ആശംസ നൽകാമോ എന്ന് ചോദിക്കാനുമാണ് പിന്നാലെ ഓടിയതെന്നാണ് യുവതി പറയുന്നത്. ഒരു താരം എന്നതിലുപരി ആരാധിക്കേണ്ട വ്യക്തിത്വമാണ് മഞ്ജു വാര്യർ എന്നും യുവതി പറഞ്ഞു.