തൂങ്ങിമരിച്ച ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി പീഡനത്തിനിരയായിരുന്നെന്ന് കണ്ടെത്തൽ; 22-കാരന് അറസ്റ്റില്‍
അഫ്സല് പെണ്‍കുട്ടിക്ക് വിലകൂടിയ മൊബൈല്‍ വാങ്ങിനല്‍കിയിരുന്നു. ഇതിന് പണം കണ്ടെത്തിയതും ലഹരിമാഫിയവഴിയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.
മംഗലംഡാം(പാലക്കാട്) :വണ്ടാഴിയില്‍ പീഡനത്തിനിരയായ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വണ്ടാഴി സി.കെ. കുന്ന് പേഴുകുറ അഫ്സലിനെയാണ് (22) ആലത്തൂര്‍ ഡിവൈ.എസ്.പി. ആര്. അശോകന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റുചെയ്തത്.
പോക്സോ, ആത്മഹത്യാപ്രേരണക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പ്രണയം നടിച്ചും വിവാഹവാഗ്ദാനം നല്‍കിയും പെണ്‍കുട്ടിയെ ഒരു വര്‍ഷമായി പീഡിപ്പിച്ചുവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു.
മാര്‍ച്ച് 28-നായിരുന്നു കേസിനാസ്പദമായ സംഭവം. ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ അന്വേഷണമുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ചെന്നൈ ചോളിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അഫ്സലിനെ പോലീസ് പിടികൂടിയത്. ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു.
വീട്ടുകാരെ പ്രതികളാക്കാന്‍ ആസൂത്രിതശ്രമം
പെണ്‍കുട്ടി തൂങ്ങിമരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ കുറ്റക്കാരാക്കാന്‍ പ്രതിയുമായി ബന്ധമുള്ളവരില്‍നിന്ന് പ്രചാരണം ഉണ്ടായതായി പോലീസ് പറഞ്ഞു. വീട്ടുകാരുടെ മര്‍ദനമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പ്രചാരണം.
ഇത്തരത്തിലുള്ള പ്രചാരണം പോലീസിനെയും ആദ്യഘട്ടത്തില്‍ കുഴപ്പിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞു.
ലഹരിമാഫിയാബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കും
പെണ്‍കുട്ടി മരിച്ചസംഭവത്തില്‍ അറസ്റ്റിലായ അഫ്സലിന് ലഹരിമാഫിയയുമായി ബന്ധമുണ്ടോ എന്നകാര്യവും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. ഇതിനുള്ള സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് ലഹരി നല്‍കിയിരുന്നതായി വീട്ടുകാരും പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.
അഫ്സല് പെണ്‍കുട്ടിക്ക് വിലകൂടിയ മൊബൈല്‍ വാങ്ങിനല്‍കിയിരുന്നു. ഇതിന് പണം കണ്ടെത്തിയതും ലഹരിമാഫിയവഴിയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ആലത്തൂര്‍ ഡിവൈ.എസ്.പി.ക്കുപുറമെ വടക്കഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ കെ.പി. ബെന്നി, മംഗലംഡാം എസ്.ഐ. ജെ. ജമേഷ്, എ.എസ്.ഐ. ആര്. അനന്തകൃഷ്ണന്, സീനിയര്‍ സി.പി.ഒ. സസീമ, ഡിവൈ.എസ്.പി.യുടെ പ്രത്യേക സ്ക്വാഡ് തുടങ്ങിയവരാണ് അന്വേഷണസംഘത്തില്‍ ഉള്ളത്.