കോട്ടയം :വാടകയ്ക്കെടുത്ത കാറുകൾ നിരോധിത തീവ്രവാദ സംഘടനയായ അൽഉമ്മ നേതാവിന് കൈമാറിയ സംഭവത്തിൽ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയേക്കും. വിശദമായ അന്വേഷണത്തിനായി കേന്ദ്ര ഏജൻസികൾ ജില്ലയിലെത്തി. പ്രതികൾ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് തട്ടിയെടുത്ത 11 കാറുകൾ എവിടെയാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃശൂർ വാടനപ്പള്ളി ഗണേശമംലഗം പുത്തൻവീട്ടിൽ അബ്ദുൾ റസാഖിന്റെ മകൻ ഇല്യാസ് (37), ആലുവ യു.സി കോളേജ് ചെറിയംപറമ്പിൽ വീട്ടിൽ അബുവിന്റെ മകൻ കെ.എ നിഷാദ് (37) എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും. വിശദമായി ചോദ്യം ചെയ്യലിന് ശേഷം യു.എ.പി.എ ചുമത്തണോയെന്ന് പരിശോധിക്കും.ഇന്നലെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും, തീവ്രവാദ വിരുദ്ധ സേനാംഗങ്ങളും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി വിശദാംശങ്ങൾ ശേഖരിച്ചു. കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതി മുഹമ്മദ് റഫീഖിന് (ഭായി റഫീഖ്) ആണ് പ്രതികൾ കാറുകൾ കൈമാറിയത്. കാണാതായ കാറുകൾ അന്വേഷിച്ച് കേരളപൊലീസ് തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ടെങ്കിലും സഹകരണം ലഭിച്ചില്ല. ഈ കാറുകൾ റഫീഖ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കും.