ജോലി തരാമെന്ന് വിശ്വസിപ്പിച്ച് 23 ലക്ഷം തട്ടി, വീട് വാങ്ങിയത് 35 ലക്ഷത്തിന്റെ വണ്ടി ചെക്ക് നൽകി; മുങ്ങി നടന്ന വിരുതനെ കയ്യോടെ പൊക്കി പൊലീസ്
കൊല്ലം: ജോലി വാഗ്ദാനം ചെയ്ത് യുവതി – യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ വിരുതനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കല്ലേലിഭാഗം മുറിയിൽ വിനേഷ് ഭവനത്തിൽ ബിജുവാണ് (39) അറസ്റ്റിലായത്. ആദിനാട് സ്വദേശികളായ മൂന്നുപേരിൽ നിന്ന് ഇവരുടെ മക്കൾക്ക് ദൂരദർശനിലും ഏഷ്യാനെറ്റിലും ക്ലാർക്ക് ജോലി വാഗ്ദാനം ചെയ്താണ് 23 ലക്ഷം രൂപ തട്ടിയെടുത്തത്.കരുനാഗപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഒന്നര വർഷം മുമ്പാണ് ഇവർ പണം നൽകിയത്. ഒന്നര വർഷത്തിന് ശേഷം പ്രസാർ ഭാരതിയുടെ വ്യാജ ലെറ്റർപാഡിൽ അപ്പോയ്മെന്റ് ഓർഡർ സ്വന്തമായി ടൈപ്പ് ചെയ്ത് നൽകി. സംശയം തോന്നിയ ഇവർ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ വണ്ടി ചെക്ക് നൽകി പറ്റിച്ചു. തുടർന്നാണ് പരാതി നൽകിയത്. പ്രതി ഇപ്പോൾ താമസിക്കുന്ന വീട് വിലയ്ക്ക് വാങ്ങുന്നതിനായി വീട്ടുടമയ്ക്ക് 35 ലക്ഷം രൂപയുടെ വണ്ടി ചെക്ക് നൽകിയ പരാതിയും പൊലീസ് അന്വേഷിച്ച് വരികയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.