‘കേരളത്തിൽ പാർട്ടിയ്ക്ക് വലിയ നേട്ടമുണ്ടാകാൻ അവർ വേണം’, ബി ജെ പി കോർ കമ്മിറ്റിയിൽ ധാരണ
കൊച്ചി: ക്രൈസ്തവ പിന്തുണയ്ക്കായി ശക്തമായ ശ്രമങ്ങൾ നടത്താൻ ഇന്നലെ ചേർന്ന ബി ജെ പി കേരള കോർ കമ്മിറ്റി യോഗത്തിൽ ധാരണ. സംസ്ഥാനത്ത് പാർട്ടിക്ക് വലിയ നേട്ടമുണ്ടാക്കാൻ ഇതിലൂടെ കഴിയുമെന്ന് സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കറുടെ അദ്ധ്യക്ഷതയിൽ കലൂർ ഗോകുലം പാർക്കിൽ ചേർന്ന യോഗം വിലയിരുത്തി.കോർ കമ്മിറ്റിയംഗങ്ങളല്ലാത്ത പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ, മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത, പാർട്ടി തൃശൂർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമാരായ അനീഷ് കുമാർ, വി വി രാജേഷ് എന്നിവരും പങ്കെടുത്തത് കോർ കമ്മിറ്റി പുന:സംഘടിപ്പിച്ചെന്ന വാർത്തകൾക്ക് ഇടയാക്കി. വാർത്ത അടിസ്ഥാന രഹിതമാണെന്ന് യോഗത്തിന് ശേഷം പത്രക്കുറിപ്പിറക്കി. കമ്മിറ്റിയംഗമായ സുരേഷ് ഗോപിയുടെ അസാന്നിദ്ധ്യവും ശ്രദ്ധിക്കപ്പെട്ടു. ക്രൈസ്തവ സഭകളുമായുള്ള തുടർ നടപടികൾ ആലോചിക്കാനാണ് സഭാനേതൃത്വവുമായി അടുത്തിടപഴകുന്ന ഡോ.കെ എസ് രാധാകൃഷ്ണനെയും അൽഫോൻസ് കണ്ണന്താനത്തെയും പങ്കെടുപ്പിച്ചതെന്നാണ് സൂചന.ഏപ്രിൽ 25ന് കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവജന സമ്മേളനമായ ‘യുവ’യുടെ ഒരുക്കങ്ങളും കോർ കമ്മിറ്റി വിലയിരുത്തി. അടുത്ത മാസം തൃശൂരിൽ മഹിളാ സമ്മേളനവും നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടി പ്രത്യേക പരിഗണന നൽകുന്ന രണ്ട് മണ്ഡലങ്ങളെന്ന നിലയിലായിരുന്നു തിരുവനന്തപുരം, തൃശൂർ ജില്ലാ പ്രസിഡന്റുമാരുടെ സാന്നിദ്ധ്യം. പ്രധാനമന്ത്രിയുടെ ഡൽഹി സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശനം മതന്യൂനപക്ഷങ്ങൾക്കിടയിൽ ആത്മവിശ്വാസം വളർത്തിയെന്നും, ഇക്കാര്യത്തിൽ കേരളത്തിലെ ഇടത്- വലത് മുന്നണികൾ പ്രകടിപ്പിക്കുന്ന അങ്കലാപ്പ് പരാജയഭീതിയാണ് വെളിവാക്കുന്നതെന്നും പ്രമേയത്തിൽ പറയുന്നു.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടി സ്ഥാനാർത്ഥികളുടെ യോഗവും ഇന്നലെ വൈകിട്ട് ചേർന്നു. സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയിൽ ചേർന്ന് കോർ കമ്മിറ്റി തീരുമാനങ്ങൾ ചർച്ച ചെയ്യും. മോദിയുടെ റോഡ് ഷോഏപ്രിൽ 25ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ്ഷോയിലും പങ്കെടുക്കും. തേവര കോളേജ് ഗ്രൗണ്ടിലെ യുവം സമ്മേളനം പ്രധാനമന്ത്രി വൈകുന്നേരം അഞ്ച് മണിയ്ക്ക് ഉദ്ഘാടനം ചെയ്യും. നാവികത്താവളത്തിൽ നിന്ന് തേവര വരെയാകും റോഡ് ഷോ.