ഉംറ നിർവഹിക്കാനെത്തിയ മലയാളിയായ ഒമ്പത് വയസുകാരൻ മക്കയിൽ കുഴഞ്ഞു വീണ് മരിച്ചു
റിയാദ്: കുടുംബത്തോടൊപ്പം ഉറം നിര്‍വഹിക്കാനെത്തിയ ബാലന് മക്കയില്‍ മരിച്ചു. കോഴിക്കോട് മുക്കം കാരശ്ശേരി സ്വദേശിയായ ഒമ്പത് വയസുകാരന് മുക്കന്തൊടി അബ്ദുല്‍ റഹ്മാനാണ് കുഴഞ്ഞുവീണ് മരിച്ചത്. കോഴിക്കോട് ചേന്ദമംഗല്ലൂര്‍ ഹെവന്‍സ് ആന്റ് ഹാബിറ്റ്സ് അക്കാദമിയിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മാതാവിനും മറ്റു സഹോദരങ്ങള്‍ക്കുമൊപ്പം മക്കയിലെത്തിയത്.
ഉംറ നിര്‍വഹിച്ച് റൂമിലെത്തി വിശ്രമം കഴിഞ്ഞു മഗ്രിബ് നമസ്കാരത്തിനായി നടക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ മക്ക കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലും തുടര്‍ന്ന് മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. മെറ്റേനിറ്റി ആന്‍ഡ് ചില്‍ഡ്രന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കും.സൗദി അറേബ്യയിലെ ഹാഇലില്‍ ജോലിചെയ്യുന്ന പിതാവ് മുക്കന്തൊടി നാസര്‍ കുടുംബത്തോടൊപ്പം മക്കയിലുണ്ട്. നിഷാല്‍, വഫ, റഫ, റൈഫ എന്നിവര്‍ സഹോദരങ്ങളാണ്.