‘കാണാതായ’ ഭാര്യ പൊലീസ് സ്റ്റേഷനിലെത്തിയത് സോഷ്യൽ മീഡിയയിലെ സുഹൃത്തിനൊപ്പം; വിഷവും പശയും തേച്ച കത്രിക കൊണ്ട് യുവാവിന്റെ നെറ്റിയിൽ കുത്തി ഭർത്താവ്
മാള: കുടുംബപ്രശ്നം പരിഹരിക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തി സംസാരിക്കുന്നതിനിടെ ഭാര്യയുടെ സുഹൃത്തിനെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ മാള പൊലീസ് സ്റ്റേഷനിലാണ് സംഭവം. പഴയന്നൂർ വെണ്ണൂർ മുല്ലയ്ക്കൽ വീട്ടിൽ അഭിലാഷ് (34) ഭാര്യയുടെ സുഹൃത്തായ കാര്യാട്ടുകര സ്വദേശിയായ കോഴിപ്പറമ്പിൽ സജീഷിനെ (35) കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.മാള വടമ സ്വദേശിനിയായ അഭിലാഷിന്റെ ഭാര്യ സമൂഹമാദ്ധ്യമത്തിൽ പരിചയപ്പെട്ട സജീഷിന്റെ ഒപ്പം കഴിഞ്ഞമാസം വീടു വിട്ടുപോയിരുന്നു. തുടർന്ന് ഭാര്യയെ കാണാതായതായി അഭിലാഷ് മാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഈ പരാതിയുമായി ബന്ധപ്പെട്ടാണ് ഇവർ പൊലീസ് സ്റ്റേഷനിൽ എത്തിയത്.പൊലീസുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ പ്രകോപിതനായ അഭിലാഷ്, സജീഷിനെ കത്രിക കൊണ്ട് നെറ്റിയിൽ കുത്തുകയായിരുന്നു. കത്രിക ഇയാൾ കയ്യിൽ ഒളിപ്പിച്ചാണ് സ്റ്റേഷനിലെത്തിയതെന്നും സംസാരിക്കുന്നതിനിടെ പെട്ടെന്നെടുത്ത് കുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു.കത്രികയിൽ പശയും വിഷം കലർന്ന മിശ്രിതവും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് എന്ത് തരം പദാർത്ഥമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് വിശദമാക്കി. നെറ്റിയിൽ പരിക്കേറ്റ സജീഷിനെ വിദഗ്ദ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാള പരിസരത്ത് നിന്നും പ്രതി കുത്താൻ ഉപയോഗിച്ച കത്രികയും മറ്റും വാങ്ങിയ കടകളിൽ പോയി പൊലീസ് തെളിവെടുപ്പ് നടത്തി.