മോഷണം നടത്തിയ പൂർണിമയെ ശമ്പളം നൽകാതെ സ്പായിൽ നിന്ന് പുറത്താക്കി, ജോലി വാങ്ങിച്ചുകൊടുത്ത യുവാവിന്റെ മോതിരമടക്കം കവർന്ന് പ്രതികാരം; നഗ്നനാക്കി മർദിച്ച് ദൃശ്യങ്ങൾ പകർത്തി
വിഴിഞ്ഞം: ആയുർവേദ സ്പായിലെ ജോലിക്ക് ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് യുവാവിനെ യുവതിയുൾപ്പെട്ട സംഘം മർദ്ദിച്ച കേസിൽ ഒരു പ്രതികൂടി പിടിയിലായി. വിഴിഞ്ഞം തെന്നൂർക്കോണം പള്ളിത്തുറ പുരയിടത്തിൽ അജിൻ(26) ആണ് ഇന്നലെ അറസ്റ്റിലായത്. ഞായറാഴ്ച നടന്ന സംഭവത്തിൽ തമിഴ്നാട് കോയമ്പത്തൂർ സ്വദേശി പൂർണിമ(23)യെ തിങ്കളാഴ്ച അറസ്റ്റുചെയ്തിരുന്നു. ബീമാപള്ളി സ്വദേശി ഷാഫി,കണ്ടാലറിയാവുന്ന രണ്ടുപേർ എന്നിവരാണ് ഇനി പിടിയിലാകാനുള്ളതെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു. ആറ്റിങ്ങൽ ഊരുപൊയ്ക നിവാസി അനൂപിന്(38)ആണ് മർദ്ദനമേറ്റത്.വഞ്ചിയൂരിലെ ആയുർവേദ സ്പായിലെ ജോലിക്ക് ശമ്പള കുടിശിക കിട്ടിയില്ലെന്ന് ആരോപിച്ചാണ് ജോലി വാങ്ങിനൽകിയ അനൂപിനെ യുവതിയുൾപ്പെട്ട സംഘം മർദ്ദിച്ച് സ്വർണവും മൊബൈലും പണവുമടക്കം പിടിച്ചുപറിച്ചത്. യുവതിയും അനൂപും സുഹൃത്തുക്കളാണ്. എറണാകുളത്തെ കമ്പനിയിൽ ജോലിയുണ്ടായിരുന്ന അനൂപ് അവിടെവച്ചാണ് പൂർണിമയെ പരിചയപ്പെടുന്നത്. സുഹൃത്തിന്റെ പാറ്റൂരിലെ ആയുർവേദ സ്പായിൽ യുവതിക്ക് അനൂപ് ജോലി വാങ്ങിനൽകി. സ്പായിലെത്തിയ ആളുടെ പവർ ബാങ്ക് മോഷ്ടിച്ചെന്ന പേരിൽ പൂർണിമയെ ശമ്പളം നൽകാതെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. 23,000 ത്തോളം രൂപ ലഭിക്കാനുണ്ടെന്നു പറഞ്ഞാണ് യുവതിയടക്കമുള്ള സംഘം അനൂപിനെ അജിന്റെ തെന്നൂർക്കോണത്തെ വീട്ടിലെത്തിച്ച് മർദ്ദിച്ചത്.അനൂപിനൊപ്പമെത്തിയ സുഹൃത്തിനെ പറഞ്ഞുവിട്ടതിന് ശേഷമായിരുന്നു മർദ്ദനം. പണം, എ.ടി.എം കാർഡ് എന്നിവയടങ്ങിയ പഴ്സ്, മൊബൈൽ ഫോണുകൾ, മോതിരം,വാച്ച് എന്നിവ പിടിച്ചുപറിച്ച് നഗ്നനാക്കി ചിത്രങ്ങളും വീഡിയോയും പകർത്തി. തുടർന്ന് കോവളം ലൈറ്റ്ഹൗസ് ഭാഗത്തെ പാറക്കെട്ടിനു സമീപത്തെത്തിച്ചുംഉറക്കഗുളിക നൽകി കന്യാകുമാരി, ആറ്റിങ്ങൽ എന്നിവിടങ്ങളിലെത്തിച്ചും മർദ്ദിച്ചതായും അനൂപ് പൊലീസിനോട് പറഞ്ഞു.കോവളത്തു വച്ച് ഇവരുടെ പിടിയിൽ നിന്നു രക്ഷപ്പെട്ട അനൂപ് ബീച്ച് റോഡിൽ കണ്ട പൊലീസിനോട് മർദ്ദനവിവരം പറയുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പൂർണിമ പിടിയിലായത്. ഒപ്പമുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. വിഴിഞ്ഞം പരിധിയിലായതിനാൽ കേസ് വിഴിഞ്ഞം പൊലീസിനു കൈമാറുകയായിരുന്നു. പൂർണിമയ്ക്ക് തെറാപ്പിസ്റ്റ് യോഗ്യതാരേഖകൾ ഇല്ലെന്നും മാതാപിതാക്കൾ നഷ്ടമായ യുവതി ബന്ധു വീട്ടിലാണ് കഴിഞ്ഞിരുന്നതെന്നും പൊലീസ് പറഞ്ഞു. പൂർണിമയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അജിനെ ഇന്നു ഹാജരാക്കും. എസ്.ഐ മാരായ വിനോദ്, ഹർഷൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.