ന്യൂഡൽഹി : ശബരിമല കേസ് വിശാല ബെഞ്ചിന് പരിഗണിക്കാമെന്ന് വ്യക്തമാക്കി സുപ്രീംകോടതി. വിശാല ബെഞ്ചിന് വിട്ടത് സാധുവായ തീരുമാനം ആണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച എതിര്‍പ്പുകളെല്ലാം ചീഫ് ജസ്റ്റിസ് തള്ളി. ശബരിമല കേസിലെ പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചു എന്നും കോടതി വ്യക്തമാക്കി. രണ്ട് വിഭാഗമായി കേസ് പരിഗണിക്കാനാണ് തീരുമാനം. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ഏഴ് പരിഗണന വിഷയങ്ങളായിരിക്കും വിശാലബെഞ്ച് പരിഗണിക്കുക. ഭരണഘടന പ്രകാരമുള്ള മത സ്വാതന്ത്ര്യത്തിന്റെ പരിധി എന്താണ് എന്നതായിരിക്കും ആദ്യ പരിഗണനാവിഷയം. ഭരണഘടനയുടെ അനുചേദം 25 പ്രകാരം ഉള്ള മത സ്വാതന്ത്ര്യത്തിന്റെ പരിധി എന്താണ് ? ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുഛേദത്തിൽ പറയുന്ന ‘മൊറാലിറ്റി’ യുടെ അർത്ഥം എന്താണ് …? അനുഛേദം 25 നൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും അനുഛേദം 26 പ്രകാരം പ്രത്യേക മതവിഭാഗങ്ങൾക്കുള്ള അവകാശവും മറ്റ് മൗലിക അവകാശവുമായി ബന്ധപ്പെടുന്നത് എങ്ങനെ ? മത സ്വതന്ത്ര്യവും പ്രത്യേക മത വിഭാഗങ്ങൾക്കുള്ള ( Religious denomination ) സ്വതന്ത്ര്യവും തമ്മിലുള്ള ബന്ധം ? പ്രത്യേക മതവിഭാഗങ്ങൾക്ക് മൗലിക അവകാശം ഉന്നയിക്കാനാകുമോ? മതവിഭാഗത്തിന് പുറത്തുള്ള ഒരാൾക്ക് മതാചാരങ്ങളെ പൊതുതാല്പര്യ ഹർജിയിലൂടെ ചോദ്യം ചെയ്യാനാകുമോ? തുടങ്ങിയവയാണ് പരിഗണനാ വിഷയങ്ങൾ.
അഭിഭാഷകര്‍ ഉയര്‍ത്തിയ നിയമപ്രശ്നങ്ങളെല്ലാം തള്ളിയാണ് സുപ്രീം കോടതിയുടെ നടപടി. 17ന് വാദം തുടങ്ങും. ഇരുവിഭാഗങ്ങൾക്കും അഞ്ച് ദിവസം വീതമായിരിക്കും വാദത്തിന് ഉണ്ടാകുക.