വാലറ്റ് പാര്‍ക്കിങ്ങിന് നല്കിയ കാറുമായി മുങ്ങി, പിന്നാലെ അപകടം; ഹോട്ടലിലെ ജീവനക്കാരന് പിടിയില്‍
മോഷ്ടിച്ച കാറില്‍ അമിതവേഗത്തില്‍ പോകുന്നതിനിടെ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടതിന് പിന്നാലെയാണ് യുവാവിന് പിടിവീണത്.
കാക്കനാട്: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന്റെ വാഹനം പാര്‍ക്കിങ് ഏരിയയില്‍ ഇടാമെന്ന് വാഗ്ദാനം ചെയ്ത് (വാലറ്റ് പാര്‍ക്കിങ്) കാറുമായി മുങ്ങിയ സുരക്ഷാ ജീവനക്കാരന് പിടിയില്‍. മോഷ്ടിച്ച കാറില്‍ അമിതവേഗത്തില്‍ പോകുന്നതിനിടെ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടതിന് പിന്നാലെയാണ് യുവാവിന് പിടിവീണത്.
തൃക്കാക്കര വള്ളത്തോള്‍ നഗറിലെ റെസ്റ്റോറന്റിലെ സുരക്ഷാ ജീവനക്കാരനായ വെസ്റ്റ് ബംഗാള്‍ സ്വദേശി ജല്‍പായ്ഗുഡി സ്വദേശി ദിനേശ് ബിശ്വകര്‍മയാണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. വള്ളത്തോള്‍ നഗറിലെ ഹോട്ടലില്‍ ഇടക്കൊച്ചി സ്വദേശി കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. ഹോട്ടലിലെ സുരക്ഷാ ജീവനക്കാരന് കാര്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാമെന്ന് പറഞ്ഞ് താക്കോല്‍ വാങ്ങി. പിന്നീട് ഉടമ പാര്‍ക്കിങ് ഏരിയയില്‍ കാര്‍ നോക്കിയപ്പോഴാണ് അതുമായി മുങ്ങിയ കാര്യം മനസ്സിലായത്. ഉടന്‍ തൃക്കാക്കര പോലീസില്‍ വിവരം അറിയിച്ചു.
പോലീസ് അന്വേഷണം നടത്തുന്നതിനിടെ മോഷ്ടിച്ച കാറിന് സമാനമായ വാഹനം ഇന്‍ഫോപാര്‍ക്ക് സ്റ്റേഷന് പരിധിയിലെ നിലംപതിഞ്ഞിമുകള്‍ ഭാഗത്ത് അപകടത്തില്‍പ്പെട്ടതായി വിവരം ലഭിച്ചു.
മോഷ്ടിച്ച കാര്‍ അതിവേഗത്തില്‍ ഓടിച്ചുപോകുന്നതിനിടെ നിലംപതിഞ്ഞിമുകള്‍ ഭാഗത്ത് നിയന്ത്രണംവിട്ട് വഴിയരികിലെ മരത്തിലും തുടര്‍ന്ന് മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു.
അപകടത്തില്‍പ്പെട്ട ഡ്രൈവറെ കണ്ട് സംശയം തോന്നി സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവെയ്ക്കുകയായിരുന്നു. പിന്നാലെ തൃക്കാക്കര സി.ഐ. ആര്. ഷാബുവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പ്രതിയെ അറസ്റ്റ്ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.