ബോക്സോഫീസ് കുതിപ്പ് തുടർന്ന് ദസറ; 110 കോടിയും കടന്ന് നാനി ചിത്രം
ബോക്സോഫീസ് കുതിപ്പ് തുടർന്ന് നാനി ചിത്രം ദസറ. നാനിയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ് ചിത്രമായി മാറിയ ദസറ ഇതുവരെ 110 കോടിയാണ് നേടിയത്. നാനിയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ദസറ.
എസ്.എല്‍.വി. സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായിക. മലയാള താരം ഷൈന്‍ ടോം ചാക്കോയും ചിത്രത്തിലുണ്ട്. ചിന്ന നമ്പി എന്ന പ്രധാന കഥാപാത്രത്തെയാണ് ഷെെൻ അവതരിപ്പിക്കുന്നത്.
ദസറയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ശ്രീകാന്ത് ഒഡേലയാണ്. സിങ്കരേണി കല്‍ക്കരി ഖനികളുടെ പശ്ചാത്തലത്തില്‍, നാനി അവതരിപ്പിക്കുന്ന ധരണി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ദസറയുടെ കഥ വികസിക്കുന്നത്. 65 കോടിയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്. സമുദ്രക്കനി, സായ് കുമാര്‍, ഷംന കാസിം എന്നിവരും ദസറയിലെ മറ്റ് അഭിനേതാക്കളില്‍ ഉള്‍പ്പെടുന്നു.
നേരത്തെ കരിംനഗറില്‍ നടന്ന ദസറ വിജയാഘോഷ പരിപാടിയില്‍ സംവിധായകന് ശ്രീകാന്ത് ഒഡേലയ്ക്ക് നിര്‍മാതാവ് സുധാകര്‍ ചെറുകുരി ബി.എം.ഡബ്ല്യൂവിന്റെ കാര്‍ സമ്മാനിച്ചിരുന്നു. ചിത്രത്തില്‍ അഭിനയിച്ചവര്‍ക്കും ടെക്നീഷ്യന്‍സിനുമായി ഓരോരുത്തര്‍ക്കും 10 ഗ്രാം സ്വര്‍ണ്ണം സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു.