പത്ത് വർഷത്തെ പ്രണയം, പ്രേമിച്ച പെണ്ണ് മറ്റൊരാളുടെ കൂടെ പോയി; പൊലീസ് സ്റ്റേഷന് മുന്നിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം
കോഴിക്കോട്: പ്രണയ നൈരാശ്യത്തിൽ പൊലീസ് സ്റ്റേഷന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലീസും നാട്ടുകാരും പിന്തിരിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. മാഹി സ്വദേശിയായ യുവാവിനെതിരെ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കാനായി വിളിപ്പിച്ചപ്പോഴാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.കഴിഞ്ഞ പത്ത് വർഷമായി യുവതിയുമായി പ്രണയത്തിലായിരുന്നെന്നാണ് യുവാവ് പറയുന്നത്. രണ്ട് ദിവസം മുമ്പ് കാമുകി മറ്റൊരു യുവാവിന്റെ കൂടെ പോയത് സഹിച്ചില്ല. ഇതിനുപിന്നാലെ മാഹി സ്വദേശി ശല്യം ചെയ്യുന്നെന്നാരോപിച്ച് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്നാണ് സൂചന.യുവതിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ ഇയാൾ പെട്രോളുമായെത്തി ദേഹത്തൊഴിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയടക്കം സ്ഥലത്തെത്തി. നാട്ടുകാരുടെയും പൊലീസിന്റെയും ശ്രമഫലമായി യുവാവിനെ അനുനയിപ്പിച്ച്, പെട്രോൾ തുടച്ചുകളഞ്ഞ് ആശുപത്രിയിലാക്കുകയായിരുന്നു.