മണിമലയിൽ കാറിടിച്ച് സഹോദരങ്ങൾ മരിച്ച സംഭവം; ജോസ് കെ മാണിയുടെ മകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
കോട്ടയം: മണിമലയിൽ ജോസ്.കെ മാണി എം.പിയുടെ മകൻ ഓടിച്ചിരുന്ന കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സഹോദരങ്ങൾ മരിക്കാനിടയായ സംഭവത്തിൽ ജോസ്.കെ മാണിയുടെ മകൻ കെ.എം മാണി(19)യെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കെ.എം മാണി ഓടിച്ചിരുന്ന ഇന്നോവ കാറിടിച്ചായിരുന്നു കരിക്കാട്ടൂർ പതാലിപ്ളാവ് കുന്നുംപുറത്തുതാഴെ മാത്യു ജോൺ(35), സഹോദരൻ ജിൻസ് ജോൺ (30) എന്നിവർ മരിച്ചത്.പൊലീസിന്റെ എഫ്.ഐ.ആറിൽ അപകടം നടന്നപ്പോൾ ആദ്യം കാറോടിച്ചയാളുടെ പേര് രേഖപ്പെടുത്തിയില്ലി. പിന്നീട് കാറോടിച്ചത് 47 വയസുള്ളയാൾ എന്നാണ് രേഖപ്പെടുത്തിയത്. പക്ഷെ കാറോടിച്ചത് കെ.എം മാണി തന്നെയാണെന്ന് ശക്തമായ പരാതിയും പ്രതിഷേധവും ഉണ്ടായി. ഇതോടെയാണ് അലക്ഷ്യമായി വാഹനം ഓടിച്ചതിനും മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കും ജോസ് കെ.മാണിയുടെ മകൻ കെ.എം മാണിയ്ക്കെതിരെ കേസെടുത്തത്. കഴിഞ്ഞദിവസം രാത്രി അറസ്റ്റ് ചെയ്ത് പ്രതിയെ ജാമ്യത്തിൽ വിട്ടതായി കോട്ടയം എസ്.പി കെ.കാർത്തിക്ക് അറിയിച്ചു. ജോസ് കെ.മാണിയുടെ സഹോദരീ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. കരിക്കാട്ടൂർ ഭാഗത്ത് നിന്നും മണിമല ഭാഗത്തേക്ക് വരികയായിരുന്ന കാർ കറുകച്ചാലിൽ അമ്മയുടെ സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന യുവാക്കളുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരായിരുന്നു മാത്യു ജോണും ജിൻസ് ജോണും. യോഹന്നാൻ മാത്യുവും സിസമ്മയുമാണ് മാതാപിതാക്കൾ. മുണ്ടത്താനം പുത്തൻപുരയ്ക്കൽ അൻസുവാണ് മാത്യു ജോണിന്റെ ഭാര്യ. കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് ഞായർ പുലർച്ചെ ഒരുമണിയോടെയാണ് ഇരുവരും മരിച്ചത്.
അ