ആവശ്യമില്ലാത്ത വിവാദം,സ്മാരകമാക്കേണ്ടത് അഭയയെന്നും വാദം
തിരുവനന്തപുരം: ‘ യഥാർഥത്തിൽ സുഗതകുമാരി താമസിക്കുന്ന വീട് അവരുടെ കവിതകളാണ്. നമുക്കൊക്കെ കയറിയിറങ്ങാനും സുരക്ഷിതമായിരിക്കാനും മുറിവുണക്കാനുമുള്ള ഇടങ്ങൾ അവിടെ എപ്പോഴുമുണ്ട്. അവിടേക്കാണെങ്കിൽ തുറന്ന വഴിയുമുണ്ട്. അതിനേക്കാൾ മികച്ച സ്മാരകമൊന്നും സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കി ഉണ്ടാക്കാനാവില്ല എന്തായാലും…ഭൗതിക സമ്പാദ്യങ്ങൾ നിയമാനുസൃതമായി മകൾക്ക് അവകാശപ്പെട്ടതെങ്കിൽ അതിന്മേൽ മലയാളി ഇത്ര അസ്വസ്ഥരാകേണ്ടതുണ്ടെന്ന് തോന്നുന്നില്ല. തന്റെ ഭൗതികസ്വത്തുക്കൾ അവർ സംസ്ഥാനത്തിന് സംഭാവന ചെയ്തിട്ടുള്ളതായി അറിയില്ല.കവിത അഭയമായവരുടെ അന്തരംഗം തന്നെ അവർക്കുള്ള സ്മാരകമന്ദിരം; എസ്.ശാരദക്കുട്ടിപ്രമുഖ സാഹിത്യ വിമർശകയും സാമൂഹിക നിരീക്ഷകയുമായ എസ്.ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ച ഈ വാക്കുകൾ സുഗതകുമാരിയുടെ വീട് വിറ്റതിനെച്ചൊല്ലി ഉയർന്ന വിവാദങ്ങൾക്കുള്ള ഉചിതമായ മറുപടിയായി കരുതാം.സുഗതകുമാരി മകൾ ലക്ഷ്മി ദേവിക്ക് എഴുതിക്കൊടുത്ത വരദ എന്ന വീടാണ് കഴിഞ്ഞയാഴ്ച തിരുവനന്തപുരം കാട്ടാക്കട സ്വദേശിക്ക് വിറ്റത്. സുഗതകുമാരിയുടെ മരണശേഷം ഈ വസതി അടഞ്ഞുകിടന്നപ്പോൾ തിരിഞ്ഞു നോക്കാതിരുന്നവരാണ് ഇപ്പോൾ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.സുഗതകുമാരിക്ക് സ്മാരകമായി തലസ്ഥാനത്ത് സ്മൃഥിവനമൊരുക്കാനുള്ള ശുപാർശ സർക്കാരിന്റെ സജീവ പരിഗണനയിലായിരിക്കെ വിറ്റുപോയ വീടിനെച്ചൊല്ലിയുള്ള വിവാദം സുഗതകുമാരിയുടെ സ്മരണയെത്തന്നെ അപകീർത്തിപ്പെടുത്തുന്നതാണെന്നാണ് കവയത്രിയെ സ്നേഹപൂർവ്വം ഓർക്കുന്ന വായനക്കാരുടെ പക്ഷം.വഴിപോലുമില്ലാത്ത വരദയെന്ന വീട് സ്മാരകമാക്കാൻ ആരും ഇതുവരെ ആലോചിച്ചിരുന്നില്ല.യഥാർത്ഥത്തിൽ സുഗതകുമാരിയും സഹോദരിമാരായ പ്രൊഫ.ഹൃദയകുമാരിയും പ്രൊഫ.സുജാത ദേവിയും അവരുടെ അച്ഛൻ ബോധേശ്വരനും അമ്മ പ്രൊഫ.കാർത്ത്യായനി അമ്മയും ദീർഘകാലം താമസിച്ച നന്ദാവനത്തെ അഭയയെന്ന വീടല്ലേ സ്മാരകമാക്കേണ്ടതെന്നും ചോദ്യമുയർന്നിട്ടുണ്ട്.ആ വീടിനോടുള്ള സ്നേഹം നിമിത്തമാണ് അശരണർക്കായി തുടങ്ങിവച്ച പ്രസ്ഥാനത്തിന് സുഗതകുമാരി അഭയയെന്ന് നാമകരണം ചെയ്തത്.വരദ എന്ന വീട് സുഗതകുമാരിയുടെ വിവാഹശേഷം ഭർത്താവ് ഡോ. വേലായുധൻ നായർ നിർമ്മിച്ചതാണ്.സർഗാത്മക ലോകത്ത് ഒരുപോലെ പ്രതിഭ തെളിയിച്ച സഹോദരിമാർക്കും, സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ ബോധേശ്വരനും, വിദുഷിയും അദ്ധ്യാപികയുമായ കാർത്ത്യായനി അമ്മയ്ക്കും എല്ലാം ചേർന്ന സ്മാരകമായി അഭയ മാറുമെന്നും പറയപ്പെടുന്നു.വഴിയുടെ കാര്യത്തിലും പ്രയാസമില്ലത്രെ. വരദയിലേക്കു പോകാനാകട്ടെ വളരെ ഇടുങ്ങിയ ഒരു വഴിയാണ് ഉണ്ടായിരുന്നത്.എന്നാൽ ഇതൊന്നുമല്ല വൈലോപ്പിള്ളി സ്മാരകം പോലെ വിപുലമായ ഒരു സംവിധാനമൊരുക്കണമെന്നാണ് നിഷ്പക്ഷമതികൾ പറയുന്നത്.നിറയെ മരങ്ങളും പച്ചപ്പും ഉള്ള സ്മൃഥിവനമാണ് ഉചിതമെന്നും അഭിപ്രായമുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവ ചർച്ചയായിരിക്കുന്നത് വീട് വിറ്റതിനെച്ചൊല്ലിയുയർന്ന വിവാദങ്ങളാണ്. നിയമപ്രകാരം അനന്തരാവകാശിക്ക് എഴുതി നൽകിയ വീട്, അവകാശി നിയമവിധേയമായി വിറ്റതിനെ ചോദ്യം ചെയ്യുന്നത് രാജ്യത്തെ നിയമവാഴ്ചയോടുള്ള വെല്ലുവിളിയായി കരുതുന്നവരുമുണ്ട്.’കേടുപാടുകളുള്ള വീട് മരണാനന്തരം, ഏകാവകാശി വിറ്റേ എന്ന മുറവിളിവാർത്ത തന്നെ യുക്തിരഹിതം.അത് കേട്ടപാതി, കയറെടുത്തിറങ്ങിയ സാമൂഹ്യമാദ്ധ്യമങ്ങളിലെ കൂട്ടനിലവിളി, അതിലേറെ വിഡ്ഢിത്തം.എന്നാൽ, സുഗതകുമാരിയുടെ കവിതകൾ സിലബസിൽ നിന്ന് നീക്കം ചെയ്തു എന്ന് വന്നാൽ (വന്നുകൂടായ്കയില്ല ), ഈ ദുഃഖസംഘങ്ങൾക്ക് അത് വാർത്ത പോലും ആയെന്നിരിക്കില്ല.പേർഷ്യൻകവി ഹാഫിസിന്റെ ഒരു ചിന്താശകലം ഇങ്ങിനെ : ‘Your words are the house that you build forever. Choose them discerningly.’സുഗതകുമാരിയ്ക്ക് ഹാഫിസ് പറഞ്ഞതൊക്കെ ഭംഗിയായി അറിയാമായിരുന്നു. വാക്കാണ് അവരുടെ മണ്ണും മേൽക്കൂരയും’ കവയത്രിയും മാദ്ധ്യമപ്രവർത്തകയുമായ സരിത വർമ്മ എഴുതിയതാണിത്.വിവാദം നീണ്ടുപാകാതിരിക്കാൻ സുഗതകുമാരിക്ക് സ്മാരകം മറ്റൊരിടത്ത് നിർമ്മിക്കുന്ന കാര്യത്തിൽ സർക്കാർ തന്നെ നിലപാട് പ്രഖ്യാപിക്കണമെന്നാണ് പൊതുവെ ഉയർന്നിട്ടുള്ള വാദം.