ആൺകുട്ടിയുടെ ചുണ്ടിൽ ചുംബിക്കുകയും നാവ് വായ്ക്കുള്ളിലാക്കാൻ പറയുകയും ചെയ്ത സംഭവം, ക്ഷമാപണം നടത്തി ദലൈലാമ
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയും രൂക്ഷവിമർശനങ്ങൾ ഉയരുകയും ചെയ്തതിന് പിന്നാലെ കുട്ടിയോടും കുടുംബത്തോടും ക്ഷമാപണം നടത്തി ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ.’അടുത്തിടെ നടന്ന ചടങ്ങിൽ ഒരു ബാലൻ തന്നെ ആലിംഗനം ചെയ്യാമോയെന്ന് ദലൈലാമയോട് ചോദിക്കുന്നതായുള്ള ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ കുട്ടിയോടും കുട്ടിയുടെ കുടുംബത്തോടും ലോകമെമ്പാടുമുള്ള സുഹൃത്തുക്കളോടും ക്ഷമചോദിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു’- ദലൈലാമയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ അദ്ദേഹം ഖേദിക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.വീഡിയോ ദൃശ്യത്തിൽ ദലൈലാമ ആൺകുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്നതായി കാണാം. ഇതിനിടയിൽ അദ്ദേഹം നാക്ക് പുറത്തേയ്ക്ക് നീട്ടുകയും കുട്ടിയോട് വായ്ക്കുള്ളിലാക്കാനായി ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾക്ക് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിലടക്കം നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്.വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദലൈലാമയുടെ കുട്ടിയോടുള്ള പെരുമാറ്റം ചോദ്യം ചെയ്തും നിയമ നടപടി ആവശ്യപ്പെട്ടുമാണ് ഭൂരിഭാഗം പേരും രംഗത്തെത്തിയത്. ദലൈലാമയ്ക്ക് പെരുമാറ്റ ദൂഷ്യമുള്ളതായും കൂട്ടിയോടുള്ള അതിരുകടന്ന പെരുമാറ്റത്തിന് പീഡോഫീലിയയുടെ പേരിൽ നിയമ നടപടി സ്വീകരിക്കണമെന്നും കുറച്ചുപേർ ആവശ്യപ്പെട്ടു.ദലൈലാമ ഇതിന് മുൻപും തന്റെ പെരുമാറ്റം മൂലം വിവാദത്തിൽപ്പെട്ടിരുന്നു. തന്റെ പിൻഗാമിയാകുന്നത് ഒരു സ്ത്രീയാണെങ്കിൽ, ആകർഷകയായിരിക്കണമെന്ന ദലൈലാമയുടെ പരാമർശമാണ് വിവാദമായത്. 2019ൽ വിദേശ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിൽ നടത്തിയ പരമാർശം അമർഷത്തിന് കാരണമായതിന് പിന്നാലെ ദലൈമാമ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.