പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; സ്വർണക്കടത്ത്, ഹവാല ഇടപാടുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്തു
കോഴിക്കോട്: ഗുണ്ടാസംഘം വീട്ടിൽ നിന്ന് ബലമായി പിടിച്ചിറക്കിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്താനാകാതെ പൊലീസ്. പരപ്പൻപൊയിൽ കുറുന്തോട്ടി കണ്ടിയിൽ മുമ്മദ്ഷാഫിയെയാണ് രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയത്. വിദേശത്തെ സാമ്പത്തിക ഇടപാടിന് ഷാഫി മദ്ധ്യസ്ഥത വഹിച്ചതാകാം സംഭവത്തിന് പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം.കൊടുവള്ളി സ്വദേശിയായ പ്രവാസിയുമായി ദുബായിൽ നടന്ന ഒരു കോടിയിൽപ്പരം രൂപയുടെ സാമ്പത്തിക ഇടപാടിന്റെ മദ്ധ്യസ്ഥ ചർച്ചയുമായി ബന്ധപ്പെട്ട് ഷാഫിയും ഇടപാടുകാരും തമ്മിൽ തർക്കങ്ങൾ നടന്നിരുന്നു. കൊടുവള്ളി സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘം ഭീഷണിപ്പെടുത്തുകയും, ഒരു മാസം മുൻപ് ചിലർ ഷാഫിയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ട് പ്രശ്നം ഉണ്ടാക്കുകയും ചെയ്തിരുന്നു.അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട പണമിടപാടിന്റെ പേരിലാണ് ഷാഫിയെ തട്ടിക്കൊണ്ട് പോയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സ്വർണക്കടത്ത്, ഹവാല ഇടപാടുമായി ബന്ധമുള്ളവരെ പൊലീസ് ചോദ്യം ചെയ്തു. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഏപ്രിൽ ഏഴിന് രാത്രി ഒൻപത് മണിയോടെയാണ് കാറിലെത്തിയ അഞ്ജാത സംഘം ഷാഫിയെ തട്ടിക്കൊണ്ടുപോയത്.