നരേന്ദ്രമോദി ഈ മാസം കേരളത്തിലെത്തുന്നു, ‘യുവം’ സമ്മേളനത്തിൽ പ്രധാനമന്ത്രിക്കൊപ്പം അനിൽ ആന്റണിയും
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25ന് കേരളത്തിലെത്തുന്നു. കൊച്ചിയിൽ യുവാക്കളുടെ സംവാദത്തിലാണ് അദ്ദേഹം പങ്കെടുക്കുക. കഴിഞ്ഞദിവസം ബി ജെ പിയിൽ ചേർന്ന അനിൽ ആന്റണി പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും എന്നാണ് റിപ്പോർട്ട്. പാർട്ടിക്ക് പുറത്തുള്ളവരെ ആകർഷിക്കാൻ വേണ്ടിയാണ് ‘യുവം’ എന്നപേരിൽ യുവാക്കളുടെ സംഗമം നടത്തുന്നത്. ഒരുലക്ഷം പേർ ഇതിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, കന്നഡ താരം യാഷ് എന്നിവരും പങ്കെടുക്കും.കഴിഞ്ഞദിവസമാണ് പ്രമുഖ കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബി ജെ പിയിൽ ചേർന്നത്. പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ബി ജെ പി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനിലിനെ ബി ജെ പിയിൽ എത്തിച്ചതെന്നാണ് റിപ്പോർട്ട്. വിശദമായ ചർച്ചകൾക്കുശേഷമാണ് അനിൽ കോൺഗ്രസ് വിട്ട് ബി ജെ പിയിലെത്തിയത്. ക്രൈസ്തവരെ പാർട്ടിയോട് കൂടുതൽ അടുപ്പിക്കാൻ അനിലിന്റെ വരവ് സഹായിക്കുമെന്നാണ് ബി ജെ പികേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുനിന്ന് അനിലിനെ മത്സരിപ്പിച്ചേക്കുമെന്നും അതല്ല ദേശീയ തലത്തിലാകും അനിലിന്റെ റോൾ എന്നും കേൾക്കുന്നുണ്ട്.