കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്, ഇനി കളി കാര്യമാകും; മുന്നറിയിപ്പ് ബോർഡുമായി ചെറുപ്പക്കാർ
കുട്ടനാട്: കല്യാണം മുടക്കുന്നവർക്ക് മുന്നറിയിപ്പ് ബോർഡുമായി കുട്ടനാട് വെളിയനാട്ടിലെ ചെറുപ്പക്കാർ. പുളിഞ്ചുവട് കവലയിലാണ് ഇവർ ബോർഡ് സ്ഥാപിച്ചത്. എന്നാൽ ഈ ബോർഡിന് അധികം ആയുസില്ലായിരുന്നു അത് ഒന്ന് ഇരുട്ടിവെളുത്തപ്പോൾ ആരോ കീറിക്കളഞ്ഞു.കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക് എന്നാണ് ബോർഡിൽ ആദ്യം എഴുതിയിരിക്കുന്നത്. നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവരുടെ ശ്രദ്ധയ്ക്ക് നിങ്ങളുടെ ജാതി, മതം, പ്രായം, രാഷ്ട്രീയം, എന്നിവ നോക്കാതെ വീട്ടിൽ കയറി തല്ലുമെന്നാണ് ബോർഡിലെ വാചകം. ഒപ്പം പുളിഞ്ചുവട് കവലയ്ക്ക് അവർ ‘ പരദുഷണം മുക്ക്’ എന്ന പേരുമിട്ടു.നാട്ടിലെ പലരുടെയും കല്യാണം പലപ്പോഴായി മുടങ്ങിയെങ്കിലും ആദ്യമാരും അത് ഗൗരവമായെടുത്തില്ല. രണ്ടുവർഷമായി കല്യാണം മുടങ്ങുന്നത് വ്യാപകമായതോടെയാണ് ഇതിനെതിരെ ചെറുപ്പക്കാർ രംഗത്തെത്തിയത്. കോട്ടയത്ത് സ്വകാര്യ കമ്പനിയിൽ ജോലിയുള്ള ചെറുപ്പക്കാരന്റെ 12 കല്യാണാലോചനകളാണ് ഒന്നരവർഷത്തിനുള്ളിൽ മുടങ്ങിയതെന്നാണ് വിവരം.ചെറുക്കനും പെണ്ണും കണ്ടിഷ്ടപ്പെട്ട്, ഇരുകുടുംബങ്ങളും ധാരണയായ ശേഷമാണ് മിക്ക കല്യാണവും മുടങ്ങുന്നത്. ഇതിൽ നിശ്ചയം വരെ തീരുമാനിച്ച ശേഷം മുടങ്ങിയവയുമുണ്ട്. ഫോൺവിളിച്ചും അന്വേഷിക്കാനെത്തുന്നവരോട് അപവാദം പറഞ്ഞുമാണ് മുടക്കുന്നതെന്ന് ചെറുപ്പക്കാർ പറയുന്നു. പിന്നിൽ ആരെന്ന് കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ചെറുപ്പക്കാർ ചേർന്ന് കല്യാണം മുടക്കികൾക്ക് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്.