അര മണിക്കൂർ നോക്കിയിട്ടും ഉറങ്ങിയില്ല; 14 മാസം പ്രായമുള്ള പിഞ്ച് കുഞ്ഞിന്റെ കൈ കടിച്ചുമുറിച്ച് വീട്ടുജോലിക്കാരി
സിംഗപ്പൂർ: ഉറങ്ങാത്തതിന്റെ പേരിൽ പിഞ്ച് കുഞ്ഞിനെ കടിച്ച് മുറിവേൽപ്പിച്ച വീട്ടുജോലിക്കാരിക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ച് കോടതി. ഇൻഡോനേഷ്യൻ സ്വദേശിയായ മസിത ഖൊരിദാതുറോച്ച്മ (33) യാണ് ശിക്ഷിക്കപ്പെട്ടത്.2021ലാണ് മൻസിത ഇരട്ടകുഞ്ഞുങ്ങളെ നോക്കുന്ന ജോലിക്കെത്തിയത്. പെൺകുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന് പുറമേ വീട്ടുജോലികളും ഇവർ ചെയ്തിരുന്നു. 2022 മേയ് 26നാണ് ഇവർ കുഞ്ഞിനെ ഉപദ്രവിച്ചത്. 14 മാസം പ്രായമുള്ള കുഞ്ഞുങ്ങളെ മൻസിതയെ ഏൽപ്പിച്ച ശേഷം മാതാവ് മൂത്ത മകളെ സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ട് വരാൻ പോയ സമയത്താണ് സംഭവമുണ്ടായത്. അത്താഴം പാകം ചെയ്യേണ്ടതിനാൽ ഇവർ കുഞ്ഞുങ്ങളെ ഉറക്കാൻ ശ്രമിച്ചു. അര മണിക്കൂർ കഴിഞ്ഞിട്ടും ഒരു കുട്ടി ഉറങ്ങാതിരുന്നതോടെ ദേഷ്യം തോന്നിയഇവർ കുഞ്ഞിന്റെ ഇടതുകൈത്തണ്ടയിൽ കടിച്ചു.രാത്രി കുഞ്ഞിനെ ഉറക്കാൻ നോക്കുന്നതിനിടെയാണ് കൈയിൽ കടിച്ചതിന്റെ പാട് മാതാവ് കണ്ടത്. മൻസിതയോട് ഇക്കാര്യം ചോദിച്ചെങ്കിലും ആദ്യം ഇവർ നിഷേധിച്ചു. പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. മൻസിത ക്ഷമാപണം നടത്തിയെങ്കിലും കുഞ്ഞിന്റെ മാതാവ് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് വിചാരണയ്ക്ക് ശേഷം ഇവർക്ക് ആറ് മാസം തടവ് ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.