നേരിയ ആശ്വാസം; പലിശനിരക്ക് മാറ്റാതെ ആർബിഐ
ന്യൂഡൽഹി∙ വായ്പയെടുത്തവർക്ക് ആശ്വാസം; പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയസമിതി. റീപ്പോ 6.5% ആയി തുടരും. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കിൽ മാറ്റമുണ്ടാകില്ല. തുടർച്ചയായി ആറു വട്ടം പലിശ വർധിപ്പിച്ച ശേഷമാണ് ഇത്തവണ നിരക്കു വർധനയ്ക്ക് ആർബിഐ ഇടവേള എടുത്തിരിക്കുന്നത്. 0.25% കൂട്ടുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് വീണ്ടും നിരക്ക് കൂടാമെന്ന വ്യക്തമായ മുന്നറിയിപ്പും റിസർവ് ബാങ്ക് നൽകി.
വായ്പാ നിരക്ക് വര്‍ധിപ്പിക്കാതെ ആര്‍ബിഐ; അപ്രതീക്ഷിത നീക്കംTOP NEWS
വായ്പാ നിരക്ക് വര്‍ധിപ്പിക്കാതെ ആര്‍ബിഐ; അപ്രതീക്ഷിത നീക്കം
പലിശനിരക്ക് വർധനയിലെ ഇടവേള സ്ഥിരമല്ലെന്നും വിലക്കയറ്റഭീഷണിക്കെതിരെയുള്ള യുദ്ധം തുടർന്നേ മതിയാകൂ എന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. 6 തവണയായി വർധിപ്പിച്ച പലിശനിരക്കിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കുന്നതിനും ഇടവേള അനിവാര്യമാണെന്ന് ആർബിഐ വ്യക്തമാക്കി. പണനയസമിതിയിലെ 6 അംഗങ്ങളും ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. ആർബിഐ വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കായ റീപ്പോയിൽ 2022 മേയ് 4 മുതൽ 6 തവണയായുണ്ടായ വർധന 2.5% ആണ്. വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റത്തോത് (നാണ്യപ്പെരുപ്പം) വരുതിയാലാക്കാനാണ് പലിശനിരക്ക് ഉയർത്തുന്നത്.
വളർച്ചാനിരക്ക് അനുമാനം ഉയർത്തി
നടപ്പുസാമ്പത്തിക വർഷത്തിലെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച സംബന്ധിച്ച അനുമാനം റിസർവ് ബാങ്ക് ഉയർത്തി. 6.4 ശതമാനമാണ് ഫെബ്രുവരിയിലെ പണനയസമിതി യോഗത്തിൽ പറഞ്ഞിരുന്നതെങ്കിൽ ഇത്തവണ 6.5 ശതമാനമായി ഉയർത്തി. ലോക ബാങ്ക് അടക്കം ഇന്ത്യയുടെ വളർച്ചാ അനുമാനം താഴ്ത്തിയപ്പോഴാണ് ആർബിഐ ഇത് ഉയർത്തുന്നത്. 6.6% ആയിരുന്ന ഡിസംബറിലെ ലോക ബാങ്ക് അനുമാനം 6.3% ആക്കിയത് കഴിഞ്ഞ ദിവസമാണ്.
നാണ്യപ്പെരുപ്പം ഇക്കൊല്ലം 5.2% ആയി കുറയുമെന്നാണ് അനുമാനം. 4 ശതമാനമാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യമെന്നതിനാൽ ഭാവിയിൽ പലിശവർധന തള്ളിക്കളയാനാവില്ല.