2019ൽ ദുബായ് ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരന് നഷ്ടപരിഹാരം; ലഭിക്കുക ഭീമമായ തുക
ദുബായ്: 2019ൽ ദുബായിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരന് പതിനൊന്ന് കോടി രൂപ നഷ്ടപരിഹാരം നൽകും. മുഹമ്മദ് ബെയ്ഗ് മിർസ എന്ന യുവാവിനാണ് നഷ്ടപരിഹാരം ലഭിക്കുക. അപകടത്തിൽ പന്ത്രണ്ട് ഇന്ത്യക്കാരുൾപ്പടെ പതിനേഴ് പേർ മരിച്ചിരുന്നു.അപകട സമയത്ത് ഇരുപത് വയസ് മാത്രമായിരുന്നു എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ മുഹമ്മദിന്റെ പ്രായം. മുപ്പത്തിയൊന്ന് യാത്രക്കാരുമായി ഒമാനിൽ നിന്ന് യു എ ഇയിലേക്ക് പോകുകയായിരുന്ന ബസാണ് ദുബായിൽ വച്ച് അപകടത്തിൽപ്പെട്ടത്. പന്ത്രണ്ട് ഇന്ത്യക്കാരടക്കം പതിനേഴ് പേർ മരിച്ചു.
മെട്രോ സ്റ്റേഷൻ പാർക്കിംഗിന്റെ എൻട്രി പോയിന്റിൽ വച്ചുണ്ടായ അപകടത്തിൽ ബസിന്റെ ഇടത് ഭാഗം പൂർണമായും തകർന്നു. സംഭവത്തിൽ ഒമാൻ സ്വദേശിയായ ഡ്രൈവർക്ക് ഏഴ് വർഷം തടവും 3.4 മില്യൺ ദിർഹം ഇരകളുടെ കുടുംബങ്ങൾക്കും കൊടുക്കാൻ കോടതി ഉത്തരവിട്ടു.
ബന്ധുക്കൾക്കൊപ്പം അവധിക്കാലം ചിലവഴിച്ച് മസ്കറ്റിൽ നിന്ന് മടങ്ങുന്നതിനിടെയാണ് മുഹമ്മദ് അപകടത്തിൽപ്പെട്ടത്. രണ്ടാഴ്ചയോളം മുഹമ്മദ് അബോധാവസ്ഥയിലായിരുന്നു.രണ്ട് മാസത്തിലേറെ ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. നിലവിൽ ഒരു പുനരധിവാസ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയാണ്.
മെക്കാനിക്കൽ എഞ്ചിനിയറിംഗ് ഡിപ്ലോമയിൽ അവസാന സെമസ്റ്റർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വേളയിലായിരുന്നു അപകടം. പഠനം പൂർത്തിയാക്കാനും സാധിച്ചില്ല. അപകടത്തിൽ മുഹമ്മദിന് മസ്തിഷ്ക ക്ഷതം സംഭവിച്ചു. സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാദ്ധ്യത കുറവാണെന്ന് ഡോക്ടർമാർ പ്രതികരിച്ചു. കൂടാതെ തലയോട്ടി,ശ്വാസകോശം, കൈകൾ, കാലുകൾ എന്നിവയ്ക്കും പരിക്കേറ്റു.യുവാവിന്റെ തലച്ചോറിന്റെ അൻപത് ശതമാനം ക്ഷതം സംഭവിച്ചുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുഎഇ സുപ്രീം കോടതി ഇൻഷുറൻസ് കമ്പനിയോട് നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.