കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിൻ ഉടൻ എത്തും, റൂട്ടുകൾ ഇങ്ങനെ, ഉള്ളത് മൂന്ന് നിർദ്ദേശങ്ങൾ
തിരുവനന്തപുരം: കേരളത്തെ വന്ദേഭാരത് ട്രെയിൻ റൂട്ടിൽ ഉൾപ്പെടുത്താൻ റെയിൽവേ നടപടിയാരംഭിച്ചു. ദക്ഷിണേന്ത്യയിൽ വന്ദേഭാരത് ട്രെയിൻ ഓടാത്ത ഏകസംസ്ഥാനം കേരളമാണ്. സംസ്ഥാനങ്ങൾക്ക് നേരിട്ട് വന്ദേഭാരത് അനുവദിക്കുന്ന രീതിയില്ലെന്നാണ് കേന്ദ്രനയം. ആന്ധ്രയിൽ സെക്കൻഡറാബാദ്, തിരുപ്പതി, കർണാടകത്തിൽ ബംഗളൂരു, തമിഴ്നാട്ടിൽ ചെന്നൈ,കോയമ്പത്തൂർ എന്നിവിടങ്ങളിലെല്ലാം വന്ദേഭാരതുണ്ട്. ഇത് അവഗണനയാണെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. കേരള മുഖ്യമന്ത്രി കേന്ദ്രത്തിന് നേരിട്ട് പരാതിയും നൽകി.ഈ സാഹചര്യത്തിലാണ് കേരളത്തെയും വന്ദേഭാരത് റൂട്ടിൽ ഉൾപ്പെടുത്താനുള്ള നീക്കമുണ്ടായത്. തീരുമാനം ഒരുമാസത്തിനുള്ളിൽ ഉണ്ടായേക്കും.മൂന്നു നിർദ്ദേശങ്ങളാണ് റെയിൽവേയുടെ പരിഗണനയിലുളളതെന്നാണറിയുന്നത്.നിലവിൽ കോയമ്പത്തൂരിൽ നിന്ന് ബംഗളൂരുവിലേക്കുളള വന്ദേഭാരത് കൊച്ചിയിലേക്ക് നീട്ടുന്നതാണ് അതിലൊന്ന്. മറ്റൊന്ന് കോയമ്പത്തൂരിൽ നിന്ന് ചെന്നൈയിലേക്കുളള വന്ദേഭാരത് മംഗലാപുരത്തേക്ക് നീട്ടുക. ഇതിനുപുറമെ കൊച്ചുവേളിയിൽ നിന്ന് മംഗലാപുരത്തേക്ക് വേഗത കുറഞ്ഞ സർവ്വീസും പരിഗണിക്കുന്നുണ്ട്. കേരളത്തിലെ ട്രാക്ക്,സിഗ്നൽ സംവിധാനങ്ങൾ ഉപയോഗിച്ച് ശരാശരി 65കിലോമീറ്റർ വേഗത്തിൽ മാത്രമേ സർവ്വീസ് നടത്താനാകുകയുള്ളു.ഉടൻ സർവ്വീസ് തുടങ്ങുകയാണെങ്കിൽ കോയമ്പത്തൂരിൽ നിന്ന് സർവ്വീസ് കേരളത്തിലേക്ക് നീട്ടാനാണ് സാദ്ധ്യത. കേരളത്തിൽ വന്ദേഭാരത് എക്സ്പ്രസിന് സർവ്വീസ് മെയിന്റനൻസിനുള്ള സൗകര്യങ്ങളില്ലാത്തതാണ് കാരണം.ചെയർകാറുകളുടെയും ട്രെയിനിന്റെയും അറ്റകുറ്റപ്പണികൾക്കായി രണ്ടുതരത്തിലുള്ള മെയിന്റനൻസ് ഡിപ്പോകളാണ് വന്ദേഭാരത് എക്സ്പ്രസുകൾക്കു വേണ്ടത്. ഇതുരണ്ടും കേരളത്തിലില്ല. ദക്ഷിണേന്ത്യയിൽ വന്ദേഭാരത് ട്രെയിൻ കോച്ചുകൾക്ക് അറ്റക്കുറ്റപ്പണികൾ നടത്താൻ ചെന്നൈ ബേസിൻബ്രിഡ്ജ് ഡിപ്പോക്ക് 110 കോടി രൂപയും ചെന്നൈ താംബരത്ത് മെയിന്റനൻസ് ഡിപ്പോ നവീകരിക്കാൻ 260 കോടിയുംബംഗളൂരുവിലെ തന്നിസാന്ദ്രയ്ക്ക് 255 കോടിയും ബൈപ്പനഹള്ളി വിശ്വേശ്വരയ്യ ടെർമിനലിന് 123 കോടിയും അനുവദിച്ചിട്ടുണ്ട്. കേരളത്തിന് ഒന്നുമില്ല.അറ്റകുറ്റപ്പണികൾക്ക് സൗകര്യം എവിടെ?പ്രവർത്തനം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പൂർണതോതിൽ ഉപയോഗിക്കാത്ത പാലക്കാട്ടെയും കൊല്ലത്തെയും മെമുഷെഡുകൾ വന്ദേഭാരതിന്റെ അറ്റകുറ്റപ്പണികൾക്കായി നവീകരിക്കാൻ നിർദ്ദേശമുണ്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല. നേമം ടെർമിനലിലും കൊച്ചുവേളിയിലും വന്ദേഭാരതിനായി മെയിന്റനൻസ് സൗകര്യമൊരുക്കാനും നീക്കങ്ങളില്ല. അതേസമയം കർണാടകത്തിലെ മംഗലാപുരത്ത് വന്ദേഭാരതിനായി മെയിന്റനൻസ് ഡിപ്പോ ഒരുക്കാൻ നീക്കം തുടങ്ങി. ഇതിനായി ടെൻഡറും ക്ഷണിച്ചു. മംഗളൂരുവിൽ ആകെയുള്ള മൂന്നു പിറ്റ്ലൈനുകളിൽ ഒരെണ്ണം വന്ദേഭാരതിനായി മാറ്റാനാണ് നീക്കം. പക്ഷേ, നിർമ്മാണം പൂർത്തിയാക്കാൻ ആറുമാസമെങ്കിലുമെടുക്കും.കൊച്ചുവേളിയിൽ ഈയിടെ രണ്ടു പിറ്റ്ലൈനുകളുടെ വൈദ്യുതികരണം പൂർത്തിയായിട്ടുണ്ട്.ഇത് ഒന്നുകൂടി മെച്ചപ്പെടുത്തിയാൽ വന്ദേഭാരതിന്റെ അറ്റകുറ്റപ്പണികൾക്കായി ഉപയോഗിക്കാമെന്ന് നിർദ്ദേശമുണ്ട്. അതിനും നടപടിയായിട്ടില്ല.