ഉത്സവത്തിനിടെ മദ്യപിച്ച് യൂണിഫോമിൽ നൃത്തം ചെയ്ത എ എസ് ഐയെ സസ്പെൻഡ് ചെയ്തു
ഇടുക്കി: യൂണിഫോമിൽ ഡ്യൂട്ടി സമയത്ത് നൃത്തം ചെയ്ത എ.എസ്.ഐയ്ക്ക് സസ്പെൻഷൻ. ശാന്തൻപാറ അഡീഷണൽ എസ്.ഐ കെ.പി ഷാജിയെയാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് സസ്പെൻഡ് ചെയ്തത്. പൂപ്പാറയ്ക്ക് സമീപമുള്ള ഒരു ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നൃത്തം ചെയ്യുന്ന ഷാജിയുടെ രംഗങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വലിയതോതിൽ പ്രചരിച്ചിരുന്നു. പിന്നാലെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.ഡ്യൂട്ടി സമയത്ത് മദ്യപിച്ച് പൊതുജന മദ്ധ്യത്തിൽ നൃത്തം ചെയ്തുവെന്നാണ് സസ്പെൻഷനുള്ള പ്രധാന കാരണമായി പറഞ്ഞിട്ടുള്ളത്. വലിയ കൃത്യവിലോപം ഷാജി നടത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. മൂന്നാർ ഡിവൈഎസ്പിയുടെ കൂടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേയ്ഞ്ച് ഡി.ഐ. ജിയാണ് ഷാജിയെ സസ്പെൻഡ് ചെയ്തത്.