ചിക്കൻ കറി കഴിച്ചുതീർത്തതിന്റെ പേരിൽ തർക്കം; ഒടുവിൽ അച്ഛൻ മകനെ തലയ്ക്കടിച്ച് കൊന്നു
മംഗളൂരു: വീട്ടിലുണ്ടാക്കിയ ചിക്കൻ കറി തീർന്നതിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ അച്ഛൻ മകനെ തലയ്ക്കടിച്ച് കൊന്നു. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ളിയ താലൂക്കിലെ ഗുട്ടിഗറിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. ഷീന എന്നയാളാണ് 32കാരനായ മകൻ ശിവറാമിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.ശിവറാം പുറത്ത് പോയി തിരികെ വന്നപ്പോഴേയ്ക്കും ചിക്കൻ കറി തീർന്നിരുന്നു. ഇതിന്റെ പേരിൽ ഷീനയുമായി തർക്കമുണ്ടായി. തർക്കത്തിനൊടുവിൽ ഇരുവരും തമ്മിൽ കയ്യേറ്റമുണ്ടായി. തുടർന്ന് ഇതിന്റെ ദേഷ്യത്തിൽ ഷീന പുറത്തുനിന്നും ഒരു തടിക്കഷ്ണമെടുത്ത് ശിവറാമിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സുബ്രഹ്മണ്യ പൊലീസ് ഷീനയെ പിടികൂടി. ശിവറാമിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.