ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം മയക്കുമരുന്നെന്ന് സംശയം; കൊച്ചിയില്‍ കണ്ടെയ്നര്‍ തുറന്ന് പരിശോധന
കൊച്ചി: മയക്കുമരുന്ന് കടത്ത് സംശയിച്ച് കൊച്ചിയില്‍ കണ്ടെയ്നര്‍ തുറന്ന് പരിശോധന. ദുബായില്‍ നിന്ന് മാലിദ്വീപിലേക്ക് കൊണ്ടുപോകുന്ന കണ്ടെയ്നറാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പരിശോധിക്കുന്നത്. ഇന്ത്യന്‍ ചരക്കുകപ്പലായ കാവേരിയില്‍ നിന്ന് ഇറക്കിയ കണ്ടെയ്നറാണ് ഇത്.
തിങ്കളാഴ്ച മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചിരുന്നു. ഒമാനില്‍ നിന്നും മാലിദ്വീപിലേക്കുള്ള കണ്ടെയ്നറില്‍ ഭക്ഷ്യവസ്തുക്കളോടൊപ്പം മയക്കുമരുന്ന് കടത്തുന്നുവെന്നായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് കണ്ടെയനറുകളുമായി തിരിച്ച കപ്പല്‍ തിരികെയെത്തിച്ചു.
ഇന്നലെ രാത്രി വൈകി കൊച്ചിയിലെത്തിയ കപ്പലില്‍ നിന്ന് സംശയിക്കുന്ന കണ്ടെയ്നര്‍ പുറത്തെടുത്തിരുന്നു. നിലവില്‍ ഈ കണ്ടെയ്നര്‍ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.
ഒമാനില്‍ നിന്ന് ദുബായിലെത്തിച്ചാണ് കണ്ടെയ്നര്‍ കപ്പലില്‍ കയറ്റിയത്. കണ്ടെയ്നറിനുള്ളില്‍ ടൊമാറ്റോ സോസ് അടങ്ങുന്ന പാക്കറ്റുകളാണുള്ളത്. 300-ലധികം പാക്കറ്റുകള്‍ അകത്തുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഇതില്‍ ഓരോ പാക്കറ്റുമെടുത്ത് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചുവരികയാണ്. നിലവില്‍ ഈ കണ്ടെയ്നറില്‍ നിന്ന് ലഹരിവസ്തുക്കളൊന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്ല.