ഇനിയും പുറത്ത് വരാതെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്, അധികൃതർക്കും മൗനം
ആലപ്പുഴ : നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സ്കൂൾ വിദ്യാര്‍ഥിനി നിദ ഫാത്തിമയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇപ്പോഴും പുറത്ത് വന്നിട്ടില്ല. മൂന്ന് മാസം കഴിഞ്ഞിട്ടും എങ്ങനെയാണ് നിദ മരിച്ചതെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. നടപടിയെടുക്കേണ്ട അധികൃതരാകട്ടെ ഇപ്പോഴും മൗനം തുടരുന്നു.
സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ നിദ ഫാത്തിമക്ക് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ശാരീരിക അസ്വസ്ഥതകളുണ്ടായത്. ഭക്ഷണം കഴിച്ച ഉടന്‍ നിദ ഛര്‍ദിച്ചു. പിറ്റേന്ന് രാവിലെയും ശാരീരിക അസ്വസ്ഥതയുണ്ടായി. കൃഷ്ണ ആശുപത്രിയിലെത്തിച്ച് കുത്തിവെയ്പ്പ് എടുത്തതിന് പിന്നാലെയാണ് പെൺകുട്ടിയുടെ മരണം. വിദഗ്ദ സംഘത്തിന്റെ കീഴില്‍ നാഗ്പൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. രണ്ടാഴ്ചക്കക്ക് ശേഷം മരണകാരണം എന്തെന്ന് വ്യക്തമാക്കാതെയുള്ള എട്ടുപേജുള്ള പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് ബന്ധുക്കൾക്ക് നൽകി. ആന്തരികാവയവങ്ങളുടെ ഫോറന്‍സിക പരിശോധനാ ഫലം കൂടി കിട്ടിയാൽ മാത്രമേ മരണത്തിന്റെ കാരണം കണ്ടെത്താൻ കഴിയൂ എന്നായിരുന്നു പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. മാസങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെയും മറ്റ് റിപ്പോർട്ടുകളൊന്നും ലഭിച്ചില്ല. അന്തിമ റിപ്പോര്‍ട്ടും നൽകിയിട്ടില്ല.