ഡെന്മാര്കിലെ ഖുര്‍ആന്‍ നിന്ദ: അപലിച്ച് ശൂറാ കൗണ്‍സില്‍
ദോഹ: ഡെന്മാര്കിലെ കോപന്‍ഹേഗനില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തെ ശൂറാ കൗണ്‍സില്‍ യോഗം അപലപിച്ചു. തിങ്കളാഴ്ച ചേര്‍ന്ന കൗണ്‍സില്‍ വാരാന്ത്യ യോഗത്തിലാണ് കഴിഞ്ഞ ദിവസത്തെ സംഭവത്തെ രൂക്ഷമായ ഭാഷയില്‍ അപലപിച്ചത്.
മുസ്ലിംകളുടെ പുണ്യമാസമായ റമദാനില്‍ ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കുന്നത് ലോകമെമ്ബാടുമുള്ള വിശ്വാസികളോടുള്ള പ്രകോപനമാണ്.
വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ പതിവായി തുടരുന്ന ഈ പ്രവണതകള്‍ സമൂഹത്തിന്റെ സഹിഷ്ണുതയെയും സഹവര്‍ത്തിത്വത്തെയും ദോഷകരമായി ബാധിക്കുന്നതാണെന്ന് ശൂറാ കൗണ്‍സില്‍ ഭരണകര്‍ത്താക്കളെ ഓര്‍മിപ്പിച്ചു. സമൂഹത്തില്‍ കൂടുതല്‍ വിഭാഗീയതയും സംഘര്‍ഷവും വെറുപ്പും വളര്‍ത്താനേ ഇത്തരം സംഭവങ്ങള്‍ വഴിവെക്കൂ. മതങ്ങളെയും വിശ്വാസങ്ങളെയും നിന്ദിക്കുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നതിനെതിരെ അന്താരാഷ്ട്രസമൂഹവും നിയമനിര്‍മാണ സംവിധാനങ്ങളും കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണം.
മതങ്ങള്‍, മതസ്ഥാപനങ്ങള്‍, ആരാധനാകേന്ദ്രങ്ങള്, മതചിഹ്നങ്ങള്‍ എന്നിവക്കെതിരെ പലകോണുകളില്‍നിന്നും പ്രകോപനപരമായ പെരുമാറ്റങ്ങള്‍ തുടരുമ്ബോള്‍ ഇവക്കെതിരെ നിയമപരമായ സംരക്ഷണം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയാണ് ബോധ്യപ്പെടുത്തുന്നത് -ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഹസന് ബിന്‍ അബ്ദുല്ല അല്‍ ഗാനിം പറഞ്ഞു.
വിദേശകാര്യ മന്ത്രാലയം ഡെന്മാര്കിലെ ഖുര്‍ആന്‍ നിന്ദയെ രൂക്ഷമായ ഭാഷയില്‍ അപലപിച്ചിരുന്നു. ഹീനവും ലോകമെങ്ങുമുള്ള 200 കോടി മുസ്ലിംകളെ പ്രകോപിപ്പിക്കുന്നതുമായ പ്രവര്ത്തനമാണിതെന്നായിരുന്നു കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ മന്ത്രാലയം വ്യക്തമാക്കിയത്. പ്രത്യയശാസ്ത്രത്തിന്റെയും വംശത്തിന്റെയും വിശ്വാസത്തിന്റെയും പേരിലെ വെറുപ്പും വിദ്വേഷവും പരത്തുന്ന പ്രവര്‍ത്തനങ്ങളെയും പ്രസംഗങ്ങളെയും മന്ത്രാലയം ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.