രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം: മുസ്ലിം ലീഗ് സോഷ്യൽ മീഡിയ കാമ്പയിൻ ഇന്ന്
കോഴിക്കോട്: എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സോഷ്യൽ മീഡിയ കാമ്പയിൻ ഇന്ന്. രാജ്യത്തെ ജനാധിപത്യ, മതേതര മൂല്യങ്ങളെ തച്ചുടക്കുകയും ഭരണകൂടത്തിന്റെ അരുതായ്മകൾക്കെതിരെ ശബ്ദമുയർത്തുന്ന പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കി നിശബ്ദരാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഭരണകൂട നടപടികൾക്കെതിരെയുമാണ് പ്രതിഷേധമെന്ന് ലീഗ് നേതാക്കൾ പറഞ്ഞു.
ഉച്ചക്ക് 12-ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രൊഫൈൽ പിക്ചർ മാറ്റി കാമ്പയിൻ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് മുഴുവൻ പ്രവർത്തകരും സാമൂഹിക മാധ്യമങ്ങളിൽ പ്രൊഫൈൽ പിക്ചർ മാറ്റി ഈ ക്യാമ്പിന്റെ ഭാഗമാവണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അഭ്യർഥിച്ചു. സംസ്ഥാന കമ്മിറ്റി തയ്യാറാക്കുന്ന പ്രൊഫൈൽ പിക്ചർ ഇന്ന് ഉച്ചക്ക് 12-ന് സാദിഖലി ശിഹാബ് തങ്ങളുടെ പേജിൽ അപ്ലോഡ് ചെയ്യും. ഈ പ്രൊഫൈലാണ് എല്ലാവരും സ്വന്തം പ്രൊഫൈലായി ഉപയോഗിക്കേണ്ടത്.