മഹാരാഷ്ട്രയിൽ പള്ളിക്കകത്ത് കയറി ഇമാമിന് ക്രൂരമർദനം; താടി മുറിച്ചുമാറ്റി
മുംബൈ: മസ്ജിദിൽ അതിക്രമിച്ചു കയറി പള്ളി ഇമാമിനുനേരെ ആക്രമണം. മഹാരാഷ്ട്രയിലെ ജൽന ജില്ലയിലാണ് സംഭവം. അക്രമികൾ ഇമാമിന്റെ താടി മുറിച്ചുകളയുകയും ക്രൂരമായി മർദിക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ജൽനയിലെ ബോകർദാനിലുള്ള ആൻവ ജില്ലയിലാണ് അക്രമം നടന്നത്. ഞായറാഴ്ച രാത്രി 7.30നായിരുന്നു സംഭവം. പള്ളി ഇമാമായ സാകിർ സയ്യിദ് ഖാജയാണ് ആക്രമണത്തിനിരയായത്.
മർദനത്തിനു പിന്നാലെ അക്രമികൾ കടന്നുകളയുകയായിരുന്നു. പള്ളിയിൽ ബോധരഹിതനായി കിടക്കുകയായിരുന്ന സാകിറിനെ നാട്ടുകാരാണ് ഔറംഗാബാദിലുള്ള ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് ഇൻസ്പെക്ടർ അഭിജിത്ത് മോർ അറിയിച്ചു. അക്രമികൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തിനു പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പൊലീസ് സുപ്രണ്ട് അക്ഷയ് ഷിൻഡെ പ്രദേശത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നിരവധി പൊലീസുകാരെ സ്ഥലത്ത് വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.