അതിരുകളില്ലാതെ ഇഫ്താര്‍ അനുഭവം പകര്‍ന്ന് ‘ഹലാ റമദാന്’
ദുബൈ: റമദാനും ഇഫ്താറും ദുബൈയില്‍ എത്തുന്ന പലര്‍ക്കും പുത്തന്‍ അനുഭവമായിരിക്കും. പ്രത്യേകിച്ച് 200 രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ താമസിക്കുന്ന നഗരമെന്ന നിലയില്‍ ചിലര്‍ക്കെങ്കിലും തീര്‍ത്തും അപരിചിതമായ ഒന്നായിരിക്കും നോമ്ബ്.
ഇത്തരക്കാര്‍ അടക്കം എല്ലാവര്ക്കും റമദാനിന്റെ മധുരവും അനുഭവവും പകരാന്‍ ഒരുക്കിയ സംരംഭമാണ് ‘ഹലാ റമദാന്’.
ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബ്ള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്മെന്റ് (ഐ.എ.സി.എ.ഡി) ദുബൈ ഹോള്‍ഡിങ്ങുമായി സഹകരിച്ച് നടപ്പാക്കുന്ന സംരംഭത്തിന്റെ ഭാഗമായി റമദാനിലെ ആദ്യ മൂന്നു ദിവസങ്ങളില്‍ 2000 ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്തു. ബര്‍ഷ ഹൈറ്റ്സിലെ മുസ്ലിംകളും അല്ലാത്തവരുമായ ആറായിരം പേര്‍ക്കാണ് ഭക്ഷണം നല്‍കിയത്.
സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ആശയം പ്രചരിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.
വിവിധ രാജ്യക്കാരും മതക്കാരുമായ നിരവധി പേര് സംരംഭത്തില്‍ പങ്കെടുക്കുന്നതിനായി വൈകുന്നേരം മുതല്‍ ഹാമില്‍ ഗൈഥ് മസ്ജിദിനു സമീപം ഒത്തുകൂടി. ഇസ്ലാമിനെക്കുറിച്ചും റമദാനിനെക്കുറിച്ചും പരിചയപ്പെടുത്തുന്ന അറബിയിലും ഇംഗ്ലീഷിലുമുള്ള ക്ലാസുകളും ഇവിടെ ഒരുക്കിയിരുന്നു.
കുട്ടികള്‍ക്ക് കളിക്കാനും കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാനും പ്രത്യേക സ്ഥലങ്ങളുമൊരുക്കിയിരുന്നു. എല്ലാ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ദുബൈയെ റമദാനിലെ ആകര്‍ഷകമായ കേന്ദ്രമാക്കി മാറ്റാനും ഇസ്ലാം, സഹിഷ്ണുത, ഇമാറാത്തി ജനതയുടെ പാരമ്ബര്യങ്ങള്‍ എന്നിവ പരിചയപ്പെടുത്താനുമാണ് സംരംഭം ലക്ഷ്യമിടുന്നതെന്ന് ഐ.എ.സി.എ.ഡി ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് അല്‍ ശൈബാനി പറഞ്ഞു.
ഇഫ്താര്‍ വിരുന്ന് വിതരണം ചെയ്യുക മാത്രമല്ല, വിവിധ സംസ്കാരങ്ങളിലും രാജ്യങ്ങളിലുമുള്ള ആളുകളെ ഒരിടത്ത് ഒരുമിച്ചുകൂട്ടുന്നതാണ് പരിപാടിയെന്ന് ദുബൈ കമ്യൂണിറ്റി മാനേജ്മെന്റ് ചീഫ് എക്സിക്യൂട്ടിവ് അബ്ദുല്‍ അസീസ് അല്‍ ഗര്‍ഗാവി പറഞ്ഞു.