ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കന്നി വോട്ടര്‍മാരുടേയും സ്ത്രീകളുടേയും വോട്ടു വീണത് ആം ആദ്മി പാര്‍ട്ടിക്കാണെന്ന് ഇന്ത്യാ ടുഡേ സര്‍വ്വേ. മുസ് ലിങ്ങളും വോട്ട് ചെയ്തത് ആം ആദ്മിക്കാണെന്ന് സര്‍വ്വേയില്‍ പറയുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷമായി ആം ആദ്മി ഡല്‍ഹിയില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളാണ് കന്നിക്കാരെ ആകര്‍ഷിച്ചത്. സൗജന്യ വൈദ്യുതിയും വെള്ളവും അവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. സൗജന്യ ബസ് യാത്രയും മെട്രോ ടിക്കറ്റുമാണ് സ്ത്രീ വോട്ടുകള്‍ ലഭിക്കാന്‍ കാരണമെന്നും ഇന്ത്യ ടുഡേആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പറയുന്നു.
2020ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 69 ശതമാനം മുസ്ലിം വോട്ടര്‍മാരും അരവിന്ദ് കെജ്രിവാള് നയിക്കുന്ന ആംആദ്മി പാര്‍ട്ടിക്കാണ് വോട്ട് ചെയ്തിരിക്കുന്നത് എന്ന് എക്സിറ്റ് പോള്‍ പറയുന്നു. 15 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തത്.
ഡല്‍ഹിയിലെ മുസ്ലിം വോട്ടര്‍മാര്‍ ദശകങ്ങളായി കോണ്‍ഗ്രസിനെയാണ് പിന്തുണച്ചിരുന്നത്. 2015ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അതില്‍ മാറ്റം വന്നിരുന്നു. ഇക്കുറിയും അതേ തരത്തിലാണ് മുസ്ലിം വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പിനെ സമീപിച്ചിരിക്കുന്നത്. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് ആംആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യാനുള്ള കാരണമായി അവര്‍ പറയുന്നത് . കോണ്‍ഗ്രസിനെ അപേക്ഷിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ആംആദ്മി പാര്‍ട്ടിക്ക് കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു.സംസ്ഥാനത്തെ ഒ.ബി.സി വോട്ടര്‍മാരില്‍ 54 ശതമാനം പേരും ബാല്മീകി വോട്ടര്‍മാരില്‍ 67 ശതമാനം പേരും ദലിത് വോട്ടര്‍മാരില്‍ 65 ശതമാനം പേരും ആംആദ്മി പാര്‍ട്ടിക്കാണ് വോട്ട് ചെയ്തത് എന്നും എക്സിറ്റ് പോള്‍ പറയുന്നു.എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം ആം ആദ്മിക്ക് അനുകൂലമാണ്.