തകര്‍ത്ത് ഈത്തപ്പഴ വിപണി; വില കൂടി
കോഴിക്കോട്: നോമ്ബുകാലത്തെ മുഖ്യയിനമായ ഈത്തപ്പഴം വാങ്ങാന്‍ ഇത്തവണ ആവശ്യക്കാര്‍ കൂടിയതായി വ്യാപാരികള്‍. കോവിഡ് നിയന്ത്രണങ്ങള്‍ കഴിഞ്ഞ് സൗദിയിലും മറ്റ് അറബ് രാജ്യങ്ങളിലും ആഭ്യന്തര ഉപയോഗത്തില്‍ വന്‍ വര്‍ധനയാണ്.
ഇതോടെ വരവ് കുറയുകയും വില കൂടുകയും ചെയ്തു.
നോമ്ബിനോടനുബന്ധിച്ചുള്ള തിരക്കിന് ഇപ്പോള്‍ ചെറിയ ശമനമുണ്ടായെങ്കിലും ബിസിനസ് നന്നായി നടക്കുന്നതായി വലിയങ്ങാടിയിലെ പ്രമുഖ ഈത്തപ്പഴ വ്യാപാരിയായ ടി.കെ. അബ്ദുല്‍ അസീസ് പറഞ്ഞു. വിലക്കുറവുള്ള ജനപ്രിയ ഇനങ്ങള്‍ക്കെല്ലാം നിരക്ക് കൂടിയിട്ടുണ്ട്. ഈജിപ്ത്, കുവൈത്ത് ഇനങ്ങള്‍ ഇപ്പോള്‍ വരുന്നില്ല.
ഒമാന്‍ ഇനങ്ങള്‍ കിലോക്ക് 200 രൂപക്ക് കിട്ടും. ഇറാഖില്‍നിന്ന് ചാക്കില്‍ എത്തുന്ന ഏറ്റവും ജനപ്രിയമായ സാദാ ഇനത്തിന് വില കിലോക്ക് 80 രൂപയായി ഉയര്‍ന്നു. 30 കിലോ പഴം 2400 രൂപക്ക് കിട്ടും. അച്ചാറിടാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ഇനമാണിത്.
കോവിഡിന് മുമ്ബുള്ളതിനേക്കാള്‍ കാരക്കയിനങ്ങളുടെ വില ഉയര്‍ന്നിട്ടുണ്ട്. സൗദി, ഇറാന്, ഇറാഖ്, തുനീഷ്യ, അല്‍ജീരിയ തുടങ്ങി വിവിധ നാടുകളില്‍നിന്ന് മലബാറിലെ ഏറ്റവും വലിയ ഈത്തപ്പഴ മൊത്തവിപണിയായ കോഴിക്കോട് വലിയങ്ങാടിയിലേക്ക് ഈത്തപ്പഴം എത്താറുണ്ട്.
ഉണക്കക്കാരക്ക തീരെ കിട്ടാതായി. നികുതി വര്‍ധനയും മറ്റും കാരണം പാകിസ്താനുമായുള്ള വ്യാപാരം കുറഞ്ഞതിന്റെ ഭാഗമായാണിത്. നേരത്തേ 50 -60 രൂപയുണ്ടായിരുന്ന ഉണക്കക്കാരക്കക്ക് കഴിഞ്ഞ വര്‍ഷം കിലോക്ക് 100 രൂപക്കു മുകളിലെത്തിയിരുന്നു. ഇത്തവണ ഉണക്കക്കാരക്ക കിട്ടാതായതോടെ 250 മുതല്‍ 300 രൂപ വരെയായി ഉയര്‍ന്നു.
സാധാരണ വരുന്നതിന്റെ 10 ശതമാനം മാത്രമേ കോഴിക്കോട്ടെത്തിയിട്ടുള്ളൂ. 40 ലോഡോളം ഉണക്കക്കാരക്ക വരുന്നിടത്ത് രണ്ടു ലോഡ് മാത്രമേ എത്തിയിട്ടുള്ളൂവെന്ന് വ്യാപാരികള്‍ പറയുന്നു.
മുംബൈ, തൂത്തുക്കുടി വഴിയാണ് ഈത്തപ്പഴം കാര്യമായി എത്തുന്നത്. കോവിഡ് കാരണം ഉംറയടക്കം തീര്‍ഥാടക യാത്രകള്‍ ഇല്ലാതായതോടെ സൗദിയിലും മറ്റും ഈത്തപ്പഴ വില്പനയും ഉപയോഗവും കുറഞ്ഞതിനാല്‍ കഴിഞ്ഞ തവണ യഥേഷ്ടം പഴങ്ങള്‍ വന്നിരുന്നു. സൗദിയില്‍ നിന്നുള്ള മബ്റൂം, അജ്വ തുടങ്ങിയവക്കെല്ലാം വിലകൂടി.
പേരുകേട്ട ഏറ്റവും മുന്തിയ സൗദിയിനമായ അജ്വക്ക് കിലോ 500 രൂപ മുതല്‍ 700 രൂപ വരെയുണ്ടായിരുന്നത് 750 മുതല്‍ 900 വരെയായി വില. മശൂക്ക് ഇനത്തിന് 300 രൂപയുള്ളത് 400ലേക്ക് ഉയര്‍ന്നു. അല്‍ജീരിയന്‍ ഇനങ്ങള്‍ 950 മുതല്‍ 1050 രൂപ വരെ വിലക്ക് കിട്ടും. ഇവക്ക് വിലക്കൂടുതല്‍ ഏശിയിട്ടില്ല. അഞ്ചു കിലോയുള്ള പെട്ടിക്ക് 600 രൂപ മുതല്‍ 950 രൂപ വരെ വിലയുള്ള ഇറാന് ഇനങ്ങള്‍ക്ക് ഇപ്പോള്‍ വരവ് കുറവാണ്.
വന്നതിന് വിലക്കൂടുതലുമുണ്ട്. ഇറാനില്‍ നിന്നുള്ള കിമിയ ബ്രാന്‍ഡ് 500 ഗ്രാമിന്റെ പെട്ടി ജനപ്രിയമാണ്. ഇതിന്റെ വില പെട്ടിക്ക് 120 രൂപവരെയായി ഉയര്‍ന്നു. സൗദിയില്‍ നിന്നുള്ള മശൂക്ക്, മബ്റൂം, ശുക്കരി, മെജോള്‍, മറിയം, സുഫ്റി തുടങ്ങിയ മുന്തിയ ഇനങ്ങളുടെ മൂന്നു കിലോയുടെ വലിയ പാക്കുകള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. 1000-1800 രൂപക്ക് കിട്ടുന്ന പാക്ക് ചെറിയ കുടുംബത്തിന് നോമ്ബുകാലം മുഴുവന്‍ ഉപയോഗിക്കാമെന്നതാണ് കാരണം.