വയനാട്ടിലും കോഴിക്കോടും കോൺഗ്രസ് പ്രതിഷേധം അക്രമാസക്തം; പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു
വയനാട്: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്. വയനാട്ടിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. കൽപ്പറ്റ നഗരസഭയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ബിഎസ്എൻഎൽ ഓഫീസിലേയ്ക്ക് ഇടിച്ചുകയറി. പൊലീസ് തടയാൻ ശ്രമിച്ചതിനെ തുടർന്ന് പ്രവർത്തകർ അക്രമാസക്തരായി. ബാരിക്കേഡുകൾ മറികടന്നാണ് പ്രവർത്തകർ ഓഫീസിലേയ്ക്ക് തള്ളിക്കയറിയത്.
അതേസമയം, കോഴിക്കോട് റെയില്‍വേ സ്റ്റേഷന് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ അടക്കം കണ്ടാലറിയാവുന്ന 300 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആര്‍പിഎഫ് എസ് ഐ എം പി ഷിനോജ്കുമാറിന്റെ പരാതിയിലാണ് നടപടി. റെയില്‍വേ സ്റ്റേഷന് മാര്‍ച്ചിനിടെ എസ് ഐയ്ക്ക് പരുക്കേറ്റിരുന്നു, കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്, റയില്‍വേ പൊലീസ് സ്റ്റേഷന് എന്നിവിടങ്ങളിലാണ് കേസെടുത്തത്.