ഔറംഗാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഔറംഗാബാദ് അഡിഷണല്‍ സെഷന്‍സ് ജഡ്ജി എം എസ് ദേശ്പാണ്ഡെയാണ് വെള്ളിയാഴ്ച വിധി പ്രസ്താവിച്ചത്. സംഭവം നടന്ന് രണ്ട് കൊല്ലത്തിന് ശേഷമാണ് കേസില്‍ വിധിയുണ്ടായത്.
2017 ഓഗസ്റ്റ് 12 നാണ് സംഭവം നടന്നത്. പതിമൂന്നുകാരിയായ പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു പ്രതി പവന് പ്രമോദ് കുല്‍ക്കര്‍ണി(26). സംഭവത്തിന് ആറ് ദിവസത്തിന് മുമ്പ് പെണ്‍കുട്ടി പ്രതിയുടെ കൈയില്‍ സഹോദരതുല്യമായി രാഖി അണിയിച്ചിരുന്നു. സംഭവദിവസം മാതാപിതാക്കളും സഹോദരനും പുറത്തു പോയതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. താഴത്തെ നിലയില്‍ താമസിച്ചിരുന്ന അമ്മാവന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം വീടിന്റെ വരാന്തയിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
അത്യാവശ്യമായ ചില പണികളുണ്ടെന്നും തന്നെ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. മുകളിലത്തെ നിലയിലായിരുന്നു പ്രതി താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ വായ് മൂടിക്കെട്ടിയ ശേഷമായിരുന്നു ആക്രമണം. വിവരം പുറത്തറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഇയാള്‍ വീട്ടിലേക്ക് പോയി. കുട്ടിയുടെ പരിക്കുകള്‍ ശ്രദ്ധയില്‍ പെട്ട അമ്മാവന്റെ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് പെണ്‍കുട്ടി പീഡനവിവരം പറഞ്ഞു. അടുത്ത ദിവസം കുട്ടിയുടെ മാതാപിതാക്കള്‍ മടങ്ങിയെത്തിയ ശേഷം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് പവന് പ്രമോദ് കുല്‍ക്കര്‍ണിയെ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിന്റെ 376(A), 376(i), 506 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. പോക്സോ നിയമത്തിന്റെ 4-ാം വകുപ്പും ഇയാള്‍ക്കെതിരെ പോലീസ് ചുമത്തിയിരുന്നു. വിചാരണയ്ക്കിടെ ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍ കൂടി ചേര്‍ക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ അമ്മയും അയല്‍വാസിയുമുള്‍പ്പെടെ എട്ട് സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.