പാറ്റൂരിൽ സ്ത്രീയെ ആക്രമിച്ച സംഭവം; പ്രതിയുടെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: പാറ്റൂർ മൂലവിളാകത്ത് സ്ത്രീയെ ആക്രമിച്ച പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പാറ്റൂരിൽ നിന്ന് മൂലവിളാകത്തേക്കുള്ള വഴിയിൽ പ്രതി ബൈക്കിൽ സ്ത്രീയെ പിന്തുടരുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ദൃശ്യങ്ങളിൽനിന്ന് അക്രമിയെക്കുറിച്ച് സൂചന ലഭിക്കുന്ന ഒന്നും ലഭിച്ചിട്ടില്ല. പ്രതി ഉപയോഗിച്ച സ്കൂട്ടറിന്റെ നമ്പറോ മറ്റ് വിവരങ്ങളോ ദൃശ്യത്തിൽ വ്യക്തമല്ല.
മാർച്ച് 13ന് രാത്രിയാണ് സ്ത്രീയെ അജ്ഞാതൻ ആക്രമിച്ചത്. കൃത്യം നടന്ന് 12 ദിവസമായിട്ടും പ്രതിയെ പിടികൂടാനായില്ല. പാറ്റൂരിൽ നിന്ന് മൂലവിളാകത്തെത്തിയ അക്രമി കഷ്ടിച്ച് ഒന്നര മിനിട്ടാണ് സ്ത്രീയെ ആക്രമിച്ചത്. ഇവരുടെ ബഹളംകേട്ട് സമീപത്തെ കടയിലെ സെക്യൂരിറ്റി ജീവനക്കാരൻ ഓടിയെത്തിയെങ്കിലും അയാൾക്ക് കാണാൻ കഴിയുന്നതിന് മുമ്പേ അക്രമി രക്ഷപ്പെടുകയായിരുന്നു. ഇരയായ സ്ത്രീ മാത്രമാണ് അക്രമിയെ നേരിൽ കണ്ടത്. അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ചുപോയ അവർക്കാകട്ടെ ഇയാളെ സംബന്ധിച്ച് രേഖാചിത്രം തയ്യാറാക്കാൻ സഹായകമായ നിലയിലുള്ള വിവരങ്ങൾ പോലും പൊലീസിനോട് പറയാൻ കഴിഞ്ഞിരുന്നില്ല.
രക്ഷപ്പെടുന്നതിനിടെ അക്രമിയെ വീട്ടമ്മ കല്ലെറിഞ്ഞിരുന്നു. അതിൽ പരിക്കേറ്റ് ചികിത്സ തേടിയിട്ടുണ്ടോയെന്ന് അറിയാൻ നഗരത്തിലെയും പുറത്തെയും ആശുപത്രികളിൽ പൊലീസ് നടത്തിയ അന്വേഷണത്തിലും യാതൊന്നും ലഭിച്ചില്ല. ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാതെ പോയത് പൊലീസിന് മാനക്കേടായിരിക്കുകയാണ്. നൂറോളം കാമറകളിലെ ദൃശ്യങ്ങളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്. പാറ്റൂർ-മൂലവിളാകം റോഡിലെ ദൃശ്യങ്ങളിൽ നിന്ന് ആളെ തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യത്തിൽ പാറ്റൂരിന് മുമ്പുള്ള കാമറകളിലെ ദൃശ്യങ്ങൾ കൂടി പരിശോധിക്കുന്നുണ്ട്.
അക്രമി പാറ്റൂരിലെത്തിയതും അവിടെ നിന്ന് പോയവഴിയും കണ്ടെത്തുകയാണ് ലക്ഷ്യം. പാറ്റൂരിലെ മെഡിക്കൽ സ്റ്റോറിൽ നിന്ന് മൂലവിളാകത്തെ വീട്ടിലേക്ക് മരുന്നിനുള്ള പണമെടുക്കാൻ പോകുമ്പോൾ വീട്ടമ്മയുടെ സ്കൂട്ടറിനെ പിന്തുടർന്നാണ് അക്രമിയെത്തുന്നത്. വീടിന് മുന്നിലെ റോഡിൽ വാഹനം സ്റ്റാൻഡിടുമ്പോഴേക്കും പിന്നാലെ സ്കൂട്ടറിലെത്തി അതിക്രമം കാട്ടുകയും പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മയുടെ തല കരിങ്കൽ മതിലിൽ പിടിച്ച് ഇടിച്ചശേഷം അവിടെ നിന്ന് പാറ്റൂരിൽ തിരികെയെത്തി രക്ഷപ്പെട്ടതായുമാണ് കണ്ടെത്തിയിരിക്കുന്നത്. ഒന്നരമിനിട്ട് സമയത്തിനകം രക്ഷപ്പെട്ടതിനാൽ ഇയാളുടെ ഫോണിൽ കാളോ മെസേജോ വന്നാൽ മാത്രമേ സൈബർ പൊലീസ് വഴി ടവർ ലൊക്കേഷനിലൂടെയെങ്കിലും പൊലീസിന് അക്രമിയിലേക്ക് എത്താനാകൂ. സാദ്ധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് അക്രമിയെ പിടികൂടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.