രാത്രിയിൽ ജനൽ തുറന്നിടുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷണം; പത്തനംതിട്ടയിൽ അയൽവാസികളുടെ സ്വർണവും പണവും നഷ്ടമായി
പത്തനംതിട്ട: വെട്ടൂരിൽ രണ്ട് വീടുകളിൽ നിന്ന് പണവും സ്വർണവും കാണാതായി. പത്തനംതിട്ട വെട്ടൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. മോഷ്ടാവിനെ കണ്ടെത്താൽ പൊലീസ് തെരച്ചിൽ ആരംഭിച്ചു. അയൽവാസികളായാ അനീഷ്കുമാറിന്റെയും അരുൺപ്രതാപിന്റെയും വീടുകളിലാണ് മോഷണം നടന്നത്. അനീഷ്കുമാറിന്റെ വീട്ടിലെ അലമാരയിലുണ്ടായിരുന്ന രണ്ട് ലക്ഷത്തിപതിനായിരം രൂപയാണ് നഷ്ടപ്പെട്ടത്. വാതിലില്ലാത്ത അലമാരയിൽ ബാഗിനുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്. ഈ മുറിയിൽ തന്നെ ആണ് അനീഷ് കിടന്നതും. മുറിയുടെ ജനൽ അടച്ചിരുന്നില്ല.
അരുൺപ്രതാപിന്റെ ഭാര്യയുടെ താലിമാലയും കമ്മലും അടക്കം ആറ് പവൻ സ്വർണവും നഷ്ടപ്പെട്ടു. മേശപ്പുറത്താണ് സ്വർണമുണ്ടായിരുന്നത്. രണ്ട് വീടുകളുമായി മുൻ പരിചയം ഉള്ള ആരെങ്കിലുമായിരിക്കാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന് പ്രാഥമിക നിഗമനം. ചൂടുകാലങ്ങളിൽ രാത്രിയിൽ ജനലുകൾ തുറന്നിടുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷമം നടത്തുന്ന സംഘമാണോ എന്നും സംശയമുണ്ട്. മേഷണം നടന്ന വീടിന് സമീപത്തുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.