ചിക്കമംഗളൂരു: മലയാളികള്‍ക്കു നേരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി എം.പി ശോഭ കരന്ദ്ലജെ. കര്‍ണാടകത്തിലേക്ക് വരുന്ന മലയാളികളെ സൂക്ഷിക്കണമെന്നും കര്‍ണാടകയിലേക്ക് കുടിയേറുന്ന മലയാളികള്‍ കൊറോണ വൈറസ് കൊണ്ടു വരുന്നുണ്ടോ എന്ന് സംശയമുണ്ടെന്നുമാണ് കരന്ദ്ലജെ പറഞ്ഞത്.കര്‍ണാടകയിലെ എഴുത്തുകാരോട് സംസാരിക്കുകയായിരുന്നു കരന്ദ്ലജെ. കര്‍ണാടക സന്ദര്‍ശിക്കുന്ന മലയാളികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെന്നും അത് സദുദ്ദേശത്തോടെയല്ലെന്നും ശോഭ ചൂണ്ടിക്കാട്ടി ‘മലയാളികള്‍ ജില്ല സന്ദര്‍ശിക്കുന്നതിന്റെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. അവര്‍ വിനോദ സഞ്ചാരത്തിനായി മാത്രം കര്‍ണാടകയിലേക്ക് വരുന്നവരല്ല. പല കാരണങ്ങള്‍ക്കായി വരുന്നവരാണ്. എന്തുകൊണ്ടാണ് മലയാളികളുടെ എണ്ണം ജില്ലയില്‍ ഇത്രയധികം വര്‍ധിക്കുന്നതെന്നതിന് വിശദമായ ഒരു അന്വേഷണം നടത്തണം,’ശോഭ കരന്ദ്ലജെ പറഞ്ഞു.
മലയാളികള്‍ സ്വന്തം താത്പര്യത്തില്‍ വരുന്നതാണോ അതോ അവരെ കൊണ്ടു വരുന്നതാണോ എന്ന് പരിശോധിക്കണമെന്നും ശോഭ പറഞ്ഞു.‘മലയാളികള്‍ സ്വയം വരുന്നതാണോ, അതോ അവരെ ആരെങ്കിലും കൊണ്ടുവരുന്നതോ? അവരുടെ വരവ് എന്തായാലും പരിശോധിച്ചിരിക്കണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള മംഗളൂരുവിലെ പ്രതിഷേധത്തില്‍ കേരളത്തില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു. അത് കൊണ്ടുതന്നെ അവരെ സംശയിക്കണം. കേരളത്തില്‍ നിന്നും വരുന്ന വാഹനങ്ങളും നിരീക്ഷിക്കപ്പെടണം. അതിനോടൊപ്പം മലയാളികളെ കുറിച്ച് ധാരാളം പരാതികളാണ് കേള്‍ക്കുന്നത്. ജില്ലയില്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു കണ്ണ് വേണം,” ശോഭ പറഞ്ഞു.ഉഡുപ്പി ചിക്കംഗളൂരു എം.പിയാണ് ശോഭ കരന്ദ്ലജെ. ശോഭക്കെതിരെ നേരത്തെ മലപ്പുറത്തെ ബി.ജെ.പി കുടുംബത്തിന് വെള്ളം നിഷേധിച്ചുവെന്ന തരത്തില്‍ വ്യാജ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ കേസെടുത്തിരുന്നു.
അതേസമയം ശോഭാ കറന്തലജയുടെ വർഗീയ പ്രസ്താവന കേരളത്തിൽനിന്ന് പതിവായി കർണാടകയിലെ ക്ഷേത്രങ്ങളിൽ ദര്‍ശനത്തിനെത്തുന്ന മലയാളികളെ ആശങ്കയുടെ മുൾമുനയിൽ നിർത്തിക്കഴിഞ്ഞു.കൊല്ലൂർ മുകാംബികയിലേക്കും ധർമ്മസ്ഥലയിലേക്കും ശൃങ്കേരിയിലേക്കും ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിലേക്കും ദിനംപ്രതി ആയിരക്കണക്കിന് ഭക്തരാണ് കേരളത്തിൽനിന്നെത്തുന്നത്.ഇവരെ ഒന്നടങ്കം അവഹേളിക്കുന്നതിന് തുല്യമാണ് ബി.ജെ.പി എംപിയുടെ വിഷംചീറ്റൽ.കൂടാതെ കർണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലനിന്നു പോകുന്നത് മലയാളി സമൂഹത്തെക്കൊണ്ടാണ്.ഇതെല്ലം മറന്നാണ് ബി.ജെ.പി.എംപി കുറച്ചുനാളായി കേരളവിരുദ്ധ പ്രസ്താവന തുടരുന്നത്.