കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡനം; പിരിച്ചുവിട്ട ജീവനക്കാരിക്കെതിരെ ഇന്ന് കേസെടുക്കുമെന്ന് സൂചന
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയുവിൽ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ച സംഭവത്തിൽ യുവതിയെ മൊഴിമാറ്റാൻ പ്രേരിപ്പിച്ച ജീവനക്കാരിക്കെതിരെ ഇന്ന് കേസെടുത്തേക്കുമെന്ന് സൂചന. താൽക്കാലിക ജീവനക്കാരിയായിരുന്ന ദീപയ്ക്കെതിരെയാണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുക്കുക. ഇവർ ഔദ്യോഗിക വേഷത്തിലെത്തിയാണ് യുവതിയോട് മൊഴി തിരുത്താൻ ആവശ്യപ്പെട്ടത്. സംഭവത്തിന് പിന്നാലെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണത്തിൽ കുറ്റക്കാരിയെന്ന് കണ്ടതിനാൽ ദീപയെ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു.
കേസിൽ പ്രതി ശശീന്ദ്രനെതിരെ മൊഴി നൽകിയത് തിരുത്തുന്നതിന് സ്വാധീനിക്കാൻ ശ്രമിച്ച നഴ്സിംഗ് അസിസ്റ്റന്റ് അടക്കം മറ്റ് അഞ്ച് പ്രതികൾക്കെതിരെ കഴിഞ്ഞദിവസം തന്നെ കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.
തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവിൽ അർദ്ധബോധാവസ്ഥയിലായിരുന്ന യുവതിയെയാണ് വടകര സ്വദേശി കെ.ശശീന്ദ്രൻ(55) പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം സുഹൃത്തുക്കളുടെയൊപ്പം ടൂറിന് പോയ ഇയാളെ മടങ്ങിവന്നയുടൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി ഇപ്പോൾ റിമാൻഡിലാണ്.