രാവിലെ മുതൽ തുടർച്ചയായി മെസേജ്, വൈകിട്ടോടെ ‘ബാങ്കിൽ’ നിന്നും വിളിയെത്തി, തലസ്ഥാനത്തെ വീട്ടമ്മയ്ക്ക് നഷ്ടമായത് രണ്ട് ലക്ഷം
പേരൂർക്കട: ബാങ്കിൽ നിന്നെന്ന വ്യാജന ഫോൺ ചെയ്ത് വീട്ടമ്മയുടെ രണ്ടുലക്ഷത്തിലധികം രൂപ തട്ടിച്ചു. വട്ടിയൂർക്കാവ് കുരുവിക്കാട് സ്വദേശിയും നിലവിൽ വയലിക്കടക്ക് സമീപം വാടകക്ക് താമസക്കാരിയുമായ എസ്. സുനിതയാണ് തട്ടിപ്പിനിരയായത്. വ്യാഴാഴ്ച രാവിലെ മുതൽ ഇവരുടെ മൊബൈലിലേക്ക് നിരവധി തവണ ഒ.ടി.പി നമ്പരുകൾ സന്ദേശങ്ങളായി വന്നിരുന്നു. വൈകിട്ടോടെ ബാങ്കിൽ നിന്നാണെന്ന് അറിയിച്ച് ഒരു കാൾ വരികയും അക്കൗണ്ട് വിവരങ്ങൾ പറഞ്ഞ ശേഷം ഒ.ടി.പി നമ്പർ നൽകണമെന്നും അറിയിച്ചു. ട്രൂ കോളറിൽ ബാങ്കിന്റെ പേര് കണ്ടതിനാൽ സംശയം തോന്നാതിരുന്ന സുനിത ഒ.ടി.പി നമ്പർ നൽകി.
പിന്നാലെ വട്ടിയൂർക്കാവ് അറപ്പുരയിലെ ഇസാഫ് ബാങ്കിൽ ഇവർ സ്ഥിര നിക്ഷേപമായിട്ടിരുന്ന തുകയിൽ നിന്നും നാലു തവണകളായി 2,06,000 രൂപ പിൻവലിച്ചതായുള്ള സന്ദേശമെത്തിയതോടെ കബളിപ്പിക്കപ്പെട്ടെന്ന് മനസിലായ വീട്ടമ്മ ബാങ്കുമായി ബന്ധപ്പെട്ടു. തുക ട്രാൻസ്ഫർ ചെയ്ത ബാങ്ക് അക്കൗണ്ട്, ഫോൺകാൾ ഉറവിടം എന്നിവയെക്കുറിച്ച് ബാങ്ക് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പിന്നാലെ സൈബർ സെല്ലിലും വട്ടിയൂർക്കാവ് പൊലീസിനും ഇവർ പരാതി നൽകി. വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലെ ശുചീകരണ ജീവനക്കാരിയാണ് സുനിത. സ്ഥിര നിക്ഷേപമായി ബാങ്കിലിട്ട തുക ഒറ്റ ഒ.ടി.പിയിലൂടെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി നാലുതവണയായി പിൻവലിച്ചത് തട്ടിപ്പിന്റെ പുതിയ രീതിയെന്നാണ് വിലയിരുത്തൽ. പരാതികളുടെ അടിസ്ഥാനത്തിൽ ബാങ്കും പൊലീസും സൈബർ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.