കൊച്ചി: യാക്കോബായ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള മലയക്കുരിശ് ദയറാ തലവന്‍ കുര്യാക്കോസ് മോര് ദീയക്കോറസിന്റെ പ്രസംഗം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. പ്രതിസന്ധി ഘട്ടത്തിലും സഭയുടെ കണ്ണുനീര് കാണുവാനും മനുഷ്യത്വം തിരിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയന് സാധിച്ചെന്ന് കുര്യാക്കോസ് മോര് ദീയക്കോറസ് പറഞ്ഞു.
പളളികളിലെ ഇടവകാംഗങ്ങളുടെ മൃതദേഹം സെമിത്തേരിയില്‍ സംസ്കരിക്കാന്‍ അവകാശം നല്കുന്ന ഓര്‍ഡിനന്‍സ് ഇറക്കിയ പിണറായി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച കുര്യാക്കോസ് മോര് ദീയക്കോറസ് അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള സര്‍ക്കാരിനായിരിക്കും വോട്ടെന്നും പ്രഖ്യാപിച്ചു.
‘ആരും തെറ്റിദ്ധരിക്കരുത് ഞാന്‍ ഒരു കാര്യം ഉറപ്പിച്ച് പറയുന്നു.അടുത്ത തെരഞ്ഞെടുപ്പില്‍ എന്റെ പഞ്ചായത്തിന്റെയും എന്റെയും എല്ലാ വോട്ടുകളും പോകുന്നത് പിണറായി വിജയന് അധ്യക്ഷനായുളള സര്‍ക്കാരിന് ആയിരിക്കും. അത് ഞാന്‍ കമ്യൂണിസ്റ്റ് ആകുന്നതുകൊണ്ടല്ല. സാധാരണ രാഷ്ട്രീക്കാരും നാട്ടുകാരും പറയുന്നത് അദ്ദേഹം ഇരട്ടച്ചങ്കന് എന്നാണ്. എനിക്ക് സംശയം അദ്ദേഹത്തിന് മൂന്ന് ചങ്കുണ്ടോ എന്നാണ്’ എന്ന്
കുര്യാക്കോസ് മോര് ദീയക്കോറസ് പറഞ്ഞു.
‘ഇത്രമാത്രം പ്രതിസന്ധി വന്നിട്ടും എല്ലാവരും ചേര്‍ന്ന് വളഞ്ഞിട്ട് ഉപദ്രവിച്ചപ്പോഴും ഈ സഭയിലെ ജനങ്ങളുടെ കണ്ണുനീര് കാണുവാനും മനുഷ്യത്വം തിരിച്ചറിയാനും അദ്ദേഹത്തിന് സാധിച്ചു എന്നത് വലിയ കാര്യമാണ്.’ -കുര്യാക്കോസ് മോര് ദീയക്കോറസ് കൂട്ടിച്ചേര്‍ത്തു.