സ്കൂൾ അധികൃതരുടെ പരാതിയിൽ കാമുകനെ പൊലീസ് ചോദ്യം ചെയ്തു,
മനോവിഷമത്തിൽ പുഴയിൽ ചാടിയ പ്ലസ്ടു വിദ്യാർത്ഥിനിയെ രക്ഷിക്കാൻ ശ്രമിച്ച സുഹൃത്ത് മരിച്ചു
ആലുവ: മാർത്താണ്ഡവർമ്മ പാലത്തിൽനിന്ന് പെരിയാറിലേക്ക് ചാടിയ പ്ളസ്ടു വിദ്യാർത്ഥിനിയെ രക്ഷിക്കാൻ ശ്രമിച്ച സുഹൃത്ത് മരിച്ചു. പെൺകുട്ടിയെ പരിക്കുകളോടെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആലുവ തായിക്കാട്ടുകര റെയിൽവേ ഗാരേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഗൗതമാണ് (17) മരിച്ചത്. പാലാരിവട്ടത്ത് മാതാവിനൊപ്പം താമസിക്കുന്ന ആലപ്പുഴ സ്വദേശിനിയായ പതിനേഴുകാരിയാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം.
പെൺകുട്ടി പറയുന്നത് : മലപ്പുറം സ്വദേശിയുമായി താൻ പ്രണയത്തിലായിരുന്നു. ഇത് സംബന്ധിച്ച് സ്കൂൾ അധികൃതരുടെ പരാതിയിൽ പൊലീസ് ഡിസംബറിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മലപ്പുറം സ്വദേശിയെ പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചു. താനോ തന്റെ മാതാവോ പരാതിപ്പെടാതെ പൊലീസ് ചോദ്യംചെയ്തതിന്റെ മനോവിഷമം സുഹൃത്തായ ഗൗതമിനെ തോട്ടക്കാട്ടുകരയിലേക്ക് വിളിച്ചുവരുത്തി പങ്കുവച്ചശേഷം പെരിയാറിലേക്ക് ചാടുകയായിരുന്നു. സോഷ്യൽ മീഡിയ മുഖേനയാണ് പത്താം ക്ളാസ് മുതൽ ഗൗതവുമായി പരിചയപ്പെട്ടത്. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ.