കൈക്കൂലി കേസിൽ പ്രതിയായ വിജിലൻസ് ഡി വൈ എസ് പി റെയ്ഡിനിടെ മുങ്ങി; പോയത് വീടിന്റെ പിറകുവശത്തുകൂടി
തിരുവനന്തപുരം: കൈക്കൂലിക്കേസിൽ പ്രതിയായ ഡി വൈ എസ് പി റെയ്ഡിനിടെ മുങ്ങി. വിജിലൻസ് ഡി വൈ എസ് പി വേലായുധൻ നായരാണ് മുങ്ങിയത്. ഇന്നലെ ഉച്ചയോടെ ഇയാളുടെ കഴക്കൂട്ടത്തെ വീട്ടിൽ ആരംഭിച്ച വിജിലൻസ് പരിശോധന രാത്രി ഒൻപതിനാണ് അവസാനിച്ചത്.
വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സ്റ്റേറ്റ്മെന്റിൽ ഒപ്പുവച്ച ശേഷം വീടിന്റെ പിറകുവശത്തുകൂടി മുങ്ങുകയായിരുന്നു. വേലായുധൻ നായരുടെ ഫോണും ബാങ്ക് രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തു.
തിരുവല്ല നഗരസഭയുടെ സെക്രട്ടറി നാരായണനെ കൈക്കൂലിക്കേസിൽ പിടികൂടിയിരുന്നു. നാരായണന്റെ ബാങ്ക് രേഖകൾ പരിശോധിച്ചപ്പോഴാണ് വേലായുധൻ നായരുടെ മകന്റെ അക്കൗണ്ടിലേക്ക് അൻപതിനായിരം രൂപ അയച്ചതായി കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷണം നടത്തുകയും ചെയ്തു.
നാരായണനെതിരെ നേരത്തെ ഒരു കേസുണ്ടായിരുന്നു. ഇത് ഒതുക്കിത്തീർക്കാൻ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വേലായുധൻ നായർക്ക് കൈക്കൂലിയായി കൈമാറിയ പണമാണിതെന്ന് കണ്ടെത്തി. തുടർന്നാണ് ഡി വൈ എസ് പിക്കെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുത്തത്.