ഇത് വെറും ദോശയല്ല സ്പൈഡർ മാൻ ദോശ; വൈറലായി പുതിയ പരീക്ഷണം
ഭക്ഷണത്തിലെ വെറൈറ്റി പരീക്ഷണങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമത്തിൽ നിറയാറുണ്ട്. കഴിഞ്ഞ ദിവസം ചൗമിൻ ചേർത്ത് തയ്യാറാക്കുന്ന ഓംലെറ്റിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഏറ്റവുമധികം പരീക്ഷണങ്ങൾ വരുന്നത് ദോശയുടെ കാര്യത്തിലാണ്. ചീസും ബട്ടറുമൊക്കെ ചേർത്തുള്ള ദോശകൾ സ്വാഭാവികമാണെങ്കിലും ഒരുപടി കൂടികടന്ന് ഐസ്ക്രീമും ചോക്ലേറ്റുമൊക്കെ ചേർത്ത് തയ്യാറാക്കുന്ന ദോശകളും വൈറലായിരുന്നു. ഇപ്പോഴിതാ സ്പൈഡർമാൻ ദോശ എന്ന വിഭവത്തിന്റെ വീഡിയോ ആണ് നിറയുന്നത്.
ചെന്നൈയിലെ അണ്ണാനഗറിലുള്ള തെരുവോര ഭക്ഷണശാലയിൽ നിന്നുള്ള വീഡിയോ ആണിത്. ഉണ്ടാക്കുന്ന രീതിയുടെ വ്യത്യസ്തത കൊണ്ടാണ് ഈ ദോശയ്ക്ക് സ്പൈഡർ മാൻ ദോശ എന്ന പേരു വന്നത്. സാധാരണ ഒരു തവിയിൽ മാവ് നിറച്ച് ദോശക്കല്ലിലേക്ക് ചുഴറ്റുന്ന രീതിയാണെങ്കിൽ ഇവിടെ അങ്ങനെയല്ല. ഒരു നീളത്തിലുള്ള കുപ്പിയിൽ മാവ് നിറച്ച് ദോശക്കല്ലിലേക്ക് വട്ടത്തിൽ തൂവുകയാണ് ചെയ്യുന്നത്. കുപ്പിയുടെ വായ്ഭാഗം നേർത്തതിനാൽ തന്നെ കല്ലിലേക്ക് വീഴുന്ന മാവ് വട്ടത്തിൽ നേർത്തു കാണാം. ഒറ്റനോട്ടത്തിൽ വല പോലെ പ്രകടമാകും. ഇതാണ് പേരിൽ സ്പൈഡർ വന്നതിന് പിന്നിൽ.
ഒരേസമയം രണ്ടു ദോശക്കല്ലിലും ഇപ്രകാരം മാവ് ചുഴറ്റി വലപോലെ ചുട്ടെടുക്കണം. ഇതിൽ ഒരു ദോശയ്ക്ക് മുകളിലേക്ക് മുട്ടപൊട്ടിച്ച് പരത്തും. പിന്നാലെ കീമ ചേർത്ത് തക്കാളിയും കാപ്സിക്കവും ഉൾപ്പെടെയുള്ള പച്ചക്കറികളും ചീസും ചേർത്ത് പരത്തിയതിനു ശേഷം ചുട്ടുവച്ചിരിക്കുന്ന രണ്ടാമത്തെ ദോശയെടുത്ത് ഇതിനു മുകളിൽ സാൻവിച്ച് പരുവത്തിൽ വെക്കണം. തുടർന്ന് ഇത് പ്ലേറ്റിലേക്ക് മാറ്റി നാലു കഷ്ണങ്ങളാക്കി വിളമ്പുന്നു.
ഇതിനകം 16.2 മില്യൺ പേരാണ് വീഡിയോ കണ്ടുകഴിഞ്ഞത്. ആറുലക്ഷത്തിലേറെ ലൈക്കുകളും വീഡിയോക്ക് ലഭിച്ചുകഴിഞ്ഞു. കാണാൻ തന്നെ മനോഹരമെന്നും ക്രിയേറ്റിവിറ്റി അപാരമെന്നുമൊക്കെ ചിലർ കമന്റ് ചെയ്തു. ഇനി ചിലരാകട്ടെ ഈ ദോശയ്ക്ക് വിമർശനവുമായും എത്തിയിട്ടുണ്ട്. സാധാരണ വിഭവങ്ങളെ അസാധാരണമാക്കി ഇങ്ങനെ നശിപ്പിക്കുന്നത് എന്തിനാണെന്നും ദോശയെ ദോശയുടെ രുചിയിൽ കഴിച്ചാൽ പോരേ എന്നുമൊക്കെയാണ് അവരുടെ ചോദ്യം.